ബീജീംഗ്: കാമുകിക്കൊപ്പമുള്ള സുഖകരമായ ജീവിതത്തിന് ആദ്യ ഭാര്യയിലുള്ള പിഞ്ചുകുഞ്ഞുങ്ങളെ 15ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന പിതാവിന്റേയും കാമുകിയുടേയും വധശിക്ഷ നടപ്പിലാക്കി. സാംഗ് ബോ എന്ന യുവാവിന്റേയും കാമുകി യേ ചെംഗ്ചെന്റെയും വധശിക്ഷയാണ് ബുധനാഴ്ച നടപ്പിലാക്കിയത്. തെക്ക് പടിഞ്ഞാറൻ ചൈനീസ് നഗരമായ ചോംഗ്ക്വിന്നിൽ 2020ലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്. വിവാഹ മോചനത്തിന് പിന്നാലെ രണ്ട് വയസുകാരിയായ മകളുടേയും ഒരു വയസുകാരനായ മകന്റേയും കസ്റ്റഡി സംബന്ധിച്ച ധാരണ ആദ്യ ഭാര്യയുമായി തയ്യാറാവുന്നതിനിടയിലാണ് പിതാവിന്റെ ക്രൂരത.
മക്കളെ ഒഴിവാക്കാൻ വിസമ്മതിച്ച സാംഗ് ബോയെ ബന്ധത്തിൽ നിന്ന് പിന്മാറുമെന്നതടക്കം ഭീഷണിപ്പെടുത്തി ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതാണ് കാമുകിയ്ക്ക് വധശിക്ഷ വിധിക്കാന്‍ കാരണം. അപകടമാണ് കുട്ടികളുടെ മരണമെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും കോടതി വ്യക്തമാക്കി. 2021ലാണ് ഇരുവർക്കും വധശിക്ഷ വിധിച്ചത്. എന്നാൽ നിരവധി തവണയാണ് പ്രതികൾ അപ്പീലുമായി വിവിധ കോടതികളെ സമീപിച്ചതാണ് ശിക്ഷ നടപ്പിലാക്കുന്നതിൽ കാലതാമസം സൃഷ്ടിച്ചത്. നേരത്തെ വിവാഹിതനാണെന്നും ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ഉണ്ടെന്ന വിവരം മറച്ച് വച്ചാണ് സാംഗ് യേ ചെംഗ്ചെനുമായി ബന്ധം സ്ഥാപിക്കുന്നത്.
ഈ ബന്ധം വളർന്നതോടെ സാംഗിന് കുട്ടികളുണ്ടെന്ന വസ്തുത കാമുകിക്ക് വ്യക്തമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ ഒഴിവാക്കാനായി ഇരുവരും പദ്ധതി തയ്യാറാക്കുന്നത്. 2020 നവംബറിൽ സാംഗിന്റെ അമ്മ വീടിന് വെളിയിൽ പോയ സമയത്താണ് ഇയാൾ കെട്ടിട സമുച്ചയത്തിന്റെ 15ാം നിലയിൽ നിന്ന് കുട്ടികളെ നിലത്തേക്ക് വലിച്ചെറിഞ്ഞത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ജനലിലൂടെ താഴേയ്ക്ക് വീണുവെന്നാണ് സാംഗ് ആദ്യം വിശദമാക്കിയിരുന്നത്. എന്നാൽ അസാധാരണ മരണമെന്ന വിലയിരുത്തലിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ണില്ലാത്ത ക്രൂരത പുറത്ത് വന്നത്.