കൊച്ചി: മിശ്രവിവാഹിതരായ മാതാപിതാക്കളിലൊരാൾ ഇതര മതവിഭാഗത്തിൽപെട്ടതാണെന്ന പേരിൽ മക്കൾക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ക്രിസ്ത്യാനിയായ ഭർത്താവ് മതംമാറാതെ തുടരുകയാണെന്ന് കാട്ടി പാലാ റവന്യൂ ഡിവിഷനൽ ഓഫിസർ (ആർ.ഡി.ഒ) മകൾക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് നിരസിച്ചത് ചോദ്യംചെയ്ത് പുലയ വിഭാഗത്തിൽപെട്ട കോട്ടയം കുറുപ്പുന്തറ സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
പുലയ വിഭാഗക്കാരിയാണെന്ന് മുമ്പ് ലഭിച്ച സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ സമാന സാമൂഹികാവസ്ഥ അനുഭവിച്ചാണ് മകൾ വളർന്നതെന്ന് ഹരജിയിൽ പറയുന്നു. പട്ടികജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ മാഞ്ഞൂർ വില്ലേജ് ഓഫിസർ ശിപാർശ ചെയ്തെങ്കിലും വൈക്കം തഹസിൽദാർ തള്ളി. കലക്ടർക്ക് പരാതി നൽകിയപ്പോൾ നടപടിക്ക് ആർ.ഡി.ഒക്ക് അയച്ചു. അപേക്ഷ നിരസിച്ച് ആർ.ഡി.ഒ അന്തിമ ഉത്തരവിടുകയായിരുന്നു.
ഹിന്ദുമതത്തിലെ മറ്റേതെങ്കിലും ജാതിക്കാരനുമായല്ല, മറ്റൊരു മതസ്ഥനുമായാണ് വിവാഹമെന്നതിനാൽ മിശ്രജാതി വിവാഹമായി കണക്കാക്കാനാവില്ലെന്നായിരുന്നു ആർ.ഡി.ഒയുടെ വിലയിരുത്തൽ. എന്നാൽ, രോഗിയായ ഭർത്താവിന് ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ അതിദരിദ്രമായ അവസ്ഥയിലാണ് കുടുംബമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആർ.ഡി.ഒയുടെ നടപടി റദ്ദാക്കി ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് കേസിൽ സഹായിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു.
മിശ്രവിവാഹവും ആനുകൂല്യങ്ങളും സംബന്ധിച്ച 2008 നവംബറിലെ സർക്കാർ ഉത്തരവ് പ്രകാരം കുട്ടിക്ക് ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന റിപ്പോർട്ടാണ് അമിക്കസ് ക്യൂറി നൽകിയത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിച്ചാണ് കുട്ടി വളർന്നത്. കുട്ടി പുലയ സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുകയും ജാതീയമായ സാമൂഹിക വെല്ലുവിളികൾ നേരിടുകയും ചെയ്തിട്ടുണ്ട്.
മാതാവ് പട്ടികജാതിക്കാരിയാണ്. കുട്ടിക്ക് മുമ്പ് പട്ടികജാതി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. കുട്ടി ആ സമുദായത്തിന്‍റെ ഭാഗമായാണ് വളർന്നതെന്നിരിക്കെ മാതാപിതാക്കൾ മിശ്രജാതി വിവാഹം കഴിച്ചതാണോ അല്ലയോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. എന്നാൽ, സർട്ടിഫിക്കറ്റ് നൽകുംമുമ്പ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നായിരുന്നു സർക്കാർ നിലപാട്.
കുട്ടി വളർന്ന സാഹചര്യം വ്യക്തവും ഇക്കാര്യത്തിൽ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും ഉണ്ടെന്നിരിക്കെ ഇനിയുമൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട 1996ലെ കേരള പട്ടികജാതി പട്ടികവർഗ റെഗുലേഷൻസിലെ വ്യവസ്ഥകൾ പ്രകാരവും സുപ്രീംകോടതി വിധികൾ അനുസരിച്ചും സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഒരു മാസത്തിനകം സർട്ടിഫിക്കറ്റ് നൽകാനും കോടതി ഉത്തരവിട്ടു.