ദില്ലി: ദില്ലി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
അതിനിടെ ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിൽ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ല. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഗെയ്മിംഗ് സെൻ്ററിൻ്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആർപി ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്.