തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ 12 വയസ്സു മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച 3,880 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 3,016 കുട്ടികളുമാണ് വാക്സിൻ സ്വീകരിച്ചത്.
ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങൾക്കുള്ള വാക്സിനേഷൻ ദിവസമായതിനാൽ എല്ലാ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തിച്ചിട്ടില്ല. അതിനാൽ വാക്സിനേഷൻ യജ്ഞം മേയ് 28നും തുടരും. 12 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം. കോവിഡിൽനിന്നും സംസ്ഥാനം പൂർണമായി മുക്തി നേടിയിട്ടില്ല. അതിനാൽ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കാൻ രക്ഷാകർത്താക്കൾ മുൻകൈയെടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഓൺ ലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാം. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ വിളിക്കാം. വിശദവിവരങ്ങൾക്ക് https://www.cowin.gov.in