ബീജിങ്: ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലേക്ക് കുഴിയ്ക്കാനൊരുങ്ങി ചൈന. ഈ വര്‍ഷം രണ്ടാമത്തെ പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. കഴിഞ്ഞ മാസവും ചൈന ഭൂമി കുഴിയ്ക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഭൂമിക്കടിയിലെ ആഴത്തിലുള്ള പ്രകൃതിവാതകത്തിന്റെ ശേഖരം കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10,520 മീറ്റർ (6.5 മൈൽ) ആഴത്തില്‍ സിചുവാൻ പ്രവിശ്യയിലെ ഷെന്‍ഡിചുവാങ്കെയില്‍ കിണര്‍ നിര്‍മാണം വ്യാഴാഴ്ച തുടങ്ങിയെന്ന് വാര്‍ത്താഏജന്‍സിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനാണ് കിണര്‍ നിര്‍മിക്കുന്നത്. മെയില്‍ സിൻജിയാങ്ങിലും 10 കിലോമീറ്റര്‍ ആഴത്തില്‍ കുഴിയ്ക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ചൈനയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ പദ്ധതിയായിരുന്നു ഇത്. ഡ്രില്ലിംഗ് സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും ആഴത്തിലുള്ള പ്രകൃതി വാതകത്തിന്റെ ശേഖരം കണ്ടെത്തുകയും പ്രധാന ലക്ഷ്യമാണ്.
ചൈനയിലെ ഏറ്റവും വലിയ ഷെയ്ൽ വാതക ശേഖരം ഇവിടെയാണ്. ദുഷ്‌കരമായ ഭൂപ്രദേശം കാരണം എണ്ണക്കമ്പനികള്‍ക്ക് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തുടർച്ചയായ വൈദ്യുതി ക്ഷാമം, ആഗോള വിപണിയിലെ ചാഞ്ചാട്ടം എന്നിവ മറികടക്കാന്‍ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഇന്ധന സുരക്ഷ ഉറപ്പാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് 2021-ൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ധാതു, ഊർജ്ജ വിഭവങ്ങൾ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്താനും കഴിയുമെന്നാണ് നിഗമനം. റഷ്യയിലെ കോല സൂപ്പർഡീപ് ബോർഹോളാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത ഭൂഗർഭ ദ്വാരം. 20 വർഷമെടുത്ത് ഡ്രിൽ ചെയ്താണ് 1989 ൽ 12,262 മീറ്റർ (40,230 അടി) ആഴത്തിൽ എത്തിയത്.