ബീജിങ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി തിരികെ പോകാൻ അനുമതി. ചൈനയുടെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമാകും. ചൈനീസ് സർക്കാറിന്റെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി രണ്ടു വർഷത്തെ കടുത്ത നിയന്ത്രണങ്ങൾക്കു ശേഷമാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കൊവിഡ് വ്യാപനത്തെ തുടർന്നാണ് വിദ്യാർഥികൾ തിരികെയെത്തുന്നത് ചൈന വിലക്കിയത്. ഇന്ത്യൻ വിദ്യാർഥികളെ ചൈനയിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ പഠനം തുടരുന്നതിന് വിദ്യാർഥികളെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ രംഗത്തെടക്കം ചൈനയിൽ പഠിച്ചിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കൊവിഡിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിച്ചിരുന്നത്. മറ്റ് രാജ്യങ്ങളൊക്കെ വിദ്യാർഥികളെ തിരിച്ചുവിളിച്ചപ്പോഴും ചൈന അനുമതി നൽകിയിരുന്നില്ല. ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈനീസ് അധികൃതർ അറിയിച്ചത്. ഇന്ത്യൻ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ.
നിങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസ്സിലാകും. ചൈനയിലേക്ക് വീണ്ടും സ്വാഗതം’’ – ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോങ് ട്വീറ്റ് ചെയ്തു. ചൈനയിൽനിന്നു നാട്ടിലേക്കു മടങ്ങിയ 23,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം തുടരാനാകാതെ ബുദ്ധിമുട്ടിയിരുന്നു. നേരത്തെ ഘട്ടംഘട്ടമായി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ചൈന തീരുമാനിച്ചിരുന്നു. തുടർന്ന് ചൈനയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വിശദാംശങ്ങൾ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു. ശ്രീലങ്ക, പാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ചൈനയിലേക്ക് മടങ്ങിയിരുന്നു.
വിദ്യാർഥികൾക്ക് മാത്രമല്ല, ബിസിനസുകാർക്കും ജോലി ചെയ്യുന്നവർക്കും വിസ അനുവദിക്കാനുള്ള തീരുമാനവും ചൈനീസ് അധികൃതർ കൈക്കൊണ്ടു. അവരിലേറെപ്പേരും മെഡിക്കൽ വിദ്യാർഥികളാണ്. കേരളത്തിൽ നിന്നും നിരവധി പേർ ചൈനയിൽ പഠിക്കുന്നുണ്ട്.