മൊബൈൽ ഫോണിന്റെ ഉപയോഗം ഇന്ന് എല്ലാവരിലും കൂടി വരികയാണ്. പ്രത്യേകിച്ചും കുട്ടികളിൽ. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഫോൺ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവച്ചേക്കും അല്ലേ? അതുപോലെ കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം വേണം എന്നും നമുക്ക് പലപ്പോഴും തോന്നിക്കാണും. ഏതായാലും ചൈന ഇപ്പോൾ അത്തരത്തിൽ ഒരു നിയന്ത്രണം വരുത്താനൊരുങ്ങുകയാണ്.
18 വയസിൽ താഴെയുള്ള കുട്ടികൾ ദിവസത്തിൽ വെറും രണ്ട് മണിക്കൂർ മാത്രമേ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ”മൈനർ മോഡ്” പ്രോഗ്രാമുകൾ സൃഷ്ടിക്കണമെന്നും ചൈനയുടെ സൈബർസ്‌പേസ് അഡ്മിനിസ്ട്രേഷൻ (സിഎസി) സ്മാർട്ട് ഉപകരണ ദാതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതുപോലെ സമയത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. 16 മുതൽ 18 വയസ് വരെ ഉള്ളവർക്ക് രണ്ട് മണിക്കൂർ നേരത്തേക്കാണ് ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നത്. എട്ട് മുതൽ 16 വരെ പ്രായമുള്ള കുട്ടികളോട് ഒരു മണിക്കൂർ നേരം ഫോൺ ഉപയോഗിച്ചാൽ മതി എന്നാണ് നിർദ്ദേശിക്കുന്നത്. എട്ട് വയസ് വരെയുള്ള കുട്ടികൾക്ക് വെറും എട്ട് മിനിറ്റ് നേരം മാത്രം ഫോൺ ഉപയോഗിച്ചാൽ മതി എന്നാണ് നിർദ്ദേശിക്കുന്നത്. CAC അതിന്റെ കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെ ഹോങ്കോങ്ങിന്റെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ ചൈനീസ് ടെക് സ്ഥാപനങ്ങളുടെ ഓഹരികൾ കൂടുതലും ഇടിഞ്ഞതിനാൽ നിക്ഷേപകർ നിരാശയിലാണ്. സെപ്തംബർ 2 വരെ പൊതുജനാഭിപ്രായം അറിയുന്നതിന് വേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുകയാണ് എന്നും CAC വ്യക്തമാക്കി.ഇന്റർനെറ്റ് കമ്പനികൾക്കടക്കം ഇത് വലിയ തിരിച്ചടിയാകും എന്നാണ് കരുതുന്നത്.