റിയാദ്: ചൈനക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവിസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകി. ഏപ്രിൽ 16 മുതലാണ് റിയാദിൽ നിന്ന് ബീജിങ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്ക് വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും.നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി. സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോം ആക്കുന്നതിനും യാത്രയ്‌ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുമുള്ള ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണിത്.