ചൈനയുടെ ചാരബലൂൺ സൃഷ്ടിച്ച അശാന്തിക്ക് ശമനമാകുന്നില്ല. മാത്രമല്ല, വിഷയം കൂടുതൽ സങ്കീർണമാകുകയാണ്. ബലൂൺ വെടിവെച്ചിട്ടതില്‍ “അനിവാര്യ പ്രതികരണം” നേരിടേണ്ടി വരുമെന്ന് യു.എസിന് ചൈന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യു.എസിന്റെ പ്രവൃത്തിയില്‍ കടുത്ത അസംതൃപ്തിയാണ് ചൈന അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷപ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംശയാസ്പദമായ രീതിയില്‍ യു.എസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ചാരബലൂൺ സംബന്ധിച്ച് ചൈന ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ബലൂൺ തങ്ങളുടേതാണെന്നും കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയുള്ള ബലൂണ്‍ ദിശതെറ്റി യു.എസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്നും ചൈന പറഞ്ഞു.