ചൈനയിലെ അവസാന ചക്രവർത്തിയുടെ വാച്ച് ഹോങ്കോങ്ങിൽ നടന്ന ലേലത്തിൽ വിറ്റത് മോഹവിലയ്ക്ക്. ചൊവ്വാഴ്ച ഹോങ്കോങ്ങിൽ നടന്ന ലേലത്തിലാണ് പാടേക് ഫിലിപ്പ് റിസ്റ്റ് വാച്ച് 6 ദശലക്ഷം യുഎസ് ഡോളറിന് വിറ്റു പോയത്. 49,70,04,000 ഇന്ത്യൻ രൂപ വരും ഇത്. ചൈനീസ് ക്വിംഗ് രാജവംശത്തിലെ അവസാന രാജാവായ ഐസിൻ-ജിയോറോ പുയിയുടെതായിരുന്നു ഈ വാച്ച്.
1908 -ൽ രണ്ടാം വയസ്സിൽ അദ്ദേഹം ചക്രവർത്തിയായെങ്കിലും 1912 -ൽ സിൻഹായ് വിപ്ലവകാലത്ത് സ്ഥാനമൊഴിയാൻ നിർബന്ധിതനായി. ക്വിംഗ് ചക്രവർത്തി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് 1930 -കളിൽ ജാപ്പനീസ് സംസ്ഥാനമായ മഞ്ചുകുവോയുടെ ഭരണാധികാരിയായി. പിന്നീട് 1945 -ൽ ജപ്പാന്റെ പതനത്തിനുശേഷം അദ്ദേഹം സോവിയറ്റ് ജയിൽ ക്യാമ്പിൽ അടയ്ക്കപ്പെട്ടു.
ജയിൽ ക്യാമ്പിലേക്ക് പുയി വാച്ച് കൊണ്ടുവന്നതായി കാണിക്കുന്ന രേഖകൾ കൈവശം ഉണ്ടെന്നാണ് ബ്രിട്ടീഷ് ലേല സ്ഥാപനമായ ഫിലിപ്സ് അവകാശപ്പെടുന്നത്. ഏകദേശം 3 മില്യൺ ഡോളർ ആയിരുന്നു ലേലത്തുകയായി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏകദേശം അഞ്ചു മിനിറ്റോളം നീണ്ടുനിന്ന ആവേശകരമായ ലേലത്തിൽ 6 ദശലക്ഷം യുഎസ് ഡോളറിന് വാച്ച് വിറ്റ് പോവുകയായിരുന്നു. റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടുള്ള ഈ തകർപ്പൻ ലേല വിൽപ്പനയിൽ താൻ ആവേശഭരിതനാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഫിലിപ്സിന്റെ ഏഷ്യയിലെ വാച്ചുകളുടെ മേധാവി തോമസ് പെരാസി അഭിപ്രായപ്പെട്ടത്.
പുയിയുടെ വാച്ച്, ചരിത്രപരമായി പ്രാധാന്യമുള്ളതാണെങ്കിലും, ലേലത്തിൽ ഇതുവരെ വിറ്റഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ വാച്ചിൽ നിന്ന് വളരെ അകലെയാണ് ഇത്. 2019 ലേലത്തിൽ വിറ്റുപോയ പടെക് ഫിലിപ്പ് “ഗ്രാൻഡ്മാസ്റ്റർ ചൈം” വാച്ചാണ് ഇതുവരെ ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ വാച്ച്.