ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്. ഷി ജിൻ പിങ് തന്നെ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ൽ ഷി ജിൻ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ആജീവനാന്തം അധികാരക്കസേരയിൽ തുടരാനുള്ള സാധ്യതയാണ് 69 -കാരനായ അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നത്.
ചൈനയിൽ സുപ്രീം ലീഡർ എന്നും അറിയപ്പെടുന്ന ഷി ജിൻ പിങ് വഹിക്കുന്നത് നിലവിൽ മൂന്നു സ്ഥാനങ്ങളാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ്. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്നത്തെ പാർട്ടികോൺഗ്രസിൽ തന്നെ ഷി നിലനിർത്തിയേക്കും. 2023 -ൽ നടക്കാനിരിക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാവും പ്രസിഡന്റ് സ്ഥാനത്ത് ഷി പുനർ നിയമിതനാവുക. 2012 മുതൽ ചൈനീസ് പാർട്ടി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും 2013 മുതൽ ചൈനയുടെ പ്രസിഡന്റുമാണ് ഷി ജിൻ പിംഗ്. 2021 -ൽ ഷിയെ ഒരു ‘ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വ’മായി ആയി പ്രഖ്യാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, അതോടെ മാവോ സെതുങ്, ഡെങ് സാവോ പിംഗ് എന്നിവർക്ക് സമശീർഷനായാണ് അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്.
അഴിമതി തുടച്ചു നീക്കി, ദാരിദ്ര്യം ഇല്ലാതാക്കി, ചൈനയെ സാങ്കേതികനേട്ടത്തിലേക്ക് നയിച്ചു എന്നതൊക്കെയാണ് ഷി പക്ഷം കഴിഞ്ഞ രണ്ടു ടേം കൊണ്ടുണ്ടായിട്ടുള്ള ഭരണനേട്ടങ്ങളായി മുന്നോട്ടു വെക്കുന്നത്. കൊവിഡിനെ നേരിട്ടതിൽ ഷി പ്രകടിപ്പിച്ച അപാരമായ ഉൾക്കാഴ്ചയെയും നിശ്ചയദാർഢ്യത്തെയും ഷി പക്ഷം അനുമോദിക്കുന്നു. ലോകം മുഴുവനും കൊവിഡ് നിയന്ത്രണങ്ങൾക്കു അയവുനൽകി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുമ്പോഴും, ചൈനയിൽ ഷി ജിൻ പിങ്ങിന്റെ സീറോ കൊവിഡ് പോളിസി കാരണം കടുത്ത ലോക്ക് ഡൗണുകളും, കൂട്ട പരിശോധനകളും ക്വാറന്റീൻ നിയന്ത്രണങ്ങളും തുടരുക തന്നെയാണ്. തായ്വാനിലേക്ക് അമേരിക്കൻ നയതന്ത്ര പ്രതിനിധി നാൻസി പെലോസി നടത്തിയ സന്ദർശനത്തിന്റെ പേരിൽ ഷി ജിൻ പിംഗ് നടത്തിയ സൈനികാഭ്യാസങ്ങൾ വലിയ നയതന്ത്ര സംഘർഷങ്ങൾക്കാണ് മേഖലയിൽ തിരികൊളുത്തിയത്. ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേനയോട് വളരെ വൈരാഗ്യത്തോടെയുള്ള പെരുമാറ്റങ്ങൾ ചൈനീസ് സൈനികരിൽ നിന്നുണ്ടായതും ഷിയുടെ കാലത്താണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഷി ജിൻ പിങ്ങിന്റെ ഭരണത്തിന് കീഴിൽ ചൈനയിലെ 140 കോടി ജനങ്ങളുടെ ജീവിതങ്ങളിൽ ഒരു നിർണായക സ്വാധീനമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നുവെന്നാണ് വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തി, വിമർശകർക്കും സ്വകാര്യ കുത്തകൾക്കും നേരെ കടുത്ത നടപടികൾ എടുത്തുകൊണ്ട് പാർട്ടിയും ഷിയും പരമാധികാരം നിലനിർത്തിപ്പോന്നു. ഈ പാർട്ടി കോൺഗ്രസിന് മുന്നോടിയായി, അഴിമതി തുടച്ചു നീക്കാനുള്ള നടപടികൾ എന്ന പേരിൽ പാർട്ടിയിലെ തന്റെ ശത്രുക്കളിൽ പലരെയും ഷി ജിൻ പിങ് പൊതു മണ്ഡലത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയതായും ആക്ഷേപങ്ങളുണ്ട്. വരും വർഷങ്ങളിൽ പാർട്ടിയുടെ ഭരണഘടന പോലും ‘ഷി ജിൻ പിങ് ചിന്ത’യ്ക്ക് അനുസൃതമായി സമൂലം പരിഷ്കരിക്കപ്പെടാൻ ഇടയുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നത്. ഈ കോൺഗ്രസിൽ ഷി ജിൻ പിങിന് മൂന്നാമത് ഒരു ഊഴം കൂടി കിട്ടുന്നതോടെ ചൈന നീങ്ങുക, മാവോയുടെ കാലത്തേതിന് സമാനമായ, സമഗ്രാധിപത്യപരമായ ഒരു ഭരണക്രമത്തിലേക്കാവും എന്നും അവർ കരുതുന്നു.