ബീജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് യുവാവിന് വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് കോടതി വധശിക്ഷ നല്‍കിയത്. ചൈനയിലെ സാമൂഹികമാധ്യമമായ ഡൗയിനില്‍ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മുൻഭാര്യയായ ലാമു എന്ന മുപ്പതുകാരിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ താങ് ലൂവിന്റെ ശിക്ഷ നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.
2020 സെപ്റ്റംബറിലാണ് കൊലപാതകം നടന്നത്. ഭർത്താവിൽ നിന്ന് കടുത്ത പീഡനം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് 2020 ജൂണില്‍ യുവതി വിവാഹ മോചനം നേടിയത്. വിവാഹമോചനത്തിന് ശേഷവും താങ് ലാമുവിനെ നിരന്തരം ശല്യപ്പെടുത്തി. ഇയാൾ വീണ്ടും വിവാഹം കഴിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഡൗയിനിലൂടെ പങ്കുവെക്കുന്നതിനിടെയാണ് യുവതിയെ ഇയാൾ ആക്രമിച്ചത്.
പിന്നിലൂടെയെത്തിയ ഇയാൾ ലാമുവിന്റെ ശരീരത്തിൽ ഗ്യാസോലിന്‍ ഒഴിച്ച് തീ കൊളുത്തി. ഈ ദാരുണ സംഭവം ലൈവായി ആളുകൾ കണ്ടു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. വിചാരണ പൂർത്തിയായി 2021 ഒക്ടോബറില്‍ ഇയാൾക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള ഹര്‍ജി 2022 ജനുവരിയില്‍ കോടതി തള്ളിയിരുന്നു. വിഷം കുത്തിവെച്ചോ വെടിവച്ചോ ആണ് ചൈനയിൽ വധശിക്ഷ നടപ്പാക്കുക.