ബീജിങ്: 2023 പകുതി പിന്നിടുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ രാജ്യത്തിന് പുറത്ത് ചെലവഴിച്ചത് രണ്ട് ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ജിൻ പിങ് ചൈനയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനിടെ, മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സന്ദർശിക്കാൻ മാത്രമാണ് ഷി വിദേശ യാത്ര നടത്തിയത്. കൊവിഡ് കാലത്തിന് മുമ്പ് അമേരിക്കൻ പ്രസിഡന്റിനേക്കാൾ കൂടുതൽ വിദേശ യാത്രകൾ ചൈനീസ് പ്രസിഡന്റ് ഷി നടത്തിയിരുന്നു. 2013 നും 2019 നും ഇടയിൽ ചൈനീസ് നേതാവ് പ്രതിവർഷം ശരാശരി 14 വിദേശ യാത്രകൾ നടത്തിയതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്ത് ശരാശരി 12വിദേശ യാത്രകളായിരുന്നു നടത്തിയത്. വിദേശ യാത്ര നടത്തുന്നില്ലെങ്കിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികൾ ചൈന സന്ദർശിക്കുന്നത് തുടരുകയാണ്. ഫ്രാൻസ്, എറിത്രിയ, യുഎസ് എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഈ വർഷം ഇതുവരെ കൂടിക്കാഴ്ച നടത്തി. ചൈനീസ് തലസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചകളെല്ലാം. കൊവിഡിന് മുമ്പ് 48 രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് ഷി കൂടിക്കാഴ്ച നടത്തിയത്. വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ചയിലും കുറവുണ്ടായി. ചെക്ക് റിപ്പബ്ലിക് പ്രതിനിധിയുമായി മാത്രമേ വീഡിയോ കോൺഫറൻസ് വഴി ഈ വർഷം കൂടിക്കാഴ്ച നടത്തിയുള്ളൂ. ആഗോള നേതാക്കളുമായുള്ള കൂടിക്കാഴ്ച കുറയുന്നത് ചൈനക്ക് അന്താരാഷ്ട്ര തലത്തിൽ പൊതുസമ്മതി കുറയാനുള്ള കാരണമാകുമെന്നും പ്യൂ റിസർച്ച് സെന്റർ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു സർവേയിൽ പറയുന്നു.
അതേസമയം, നയതന്ത്രത്തേക്കാൾ ചൈനീസ് പ്രസിഡന്റ് മുൻഗണന നൽകുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പത്തിൽ നിന്ന് രക്ഷിക്കുകയും അഴിമതി തുടച്ചുനീക്കുകയുമാണ്. അഴിമതി കിംവദന്തികൾക്കിടയിൽ വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെ പുറത്താക്കുകയും രാജ്യത്തിന്റെ ആണവ മിസൈൽ സേനയിലെ ഉന്നത അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഈ മാസം ജൊഹാനസ്ബർഗിൽ നടക്കുന്ന വളർന്നുവരുന്ന സാമ്പത്തിക നേതാക്കളുടെ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
ഒക്ടോബറിൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ ലോക നേതാക്കൾ പങ്കെടുത്തേക്കും. ഷിയാണ് ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കേണ്ടത്. 2019 ൽ 39 രാഷ്ട്രത്തലവന്മാർ പങ്കെടുത്തിരുന്നു. ഇത്തവണ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഫോറത്തിന് പദ്ധതിയിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.