ബെയ്ജിംഗ്: ചൈനയും തായ്‌വാനും വീണ്ടും ഒന്നിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ബുധനാഴ്ച തായ്‌വാൻ മുൻ പ്രസിഡന്റ് മായിംഗ്-ജിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ചൈനയിലേക്കുള്ള ഒരു വിദ്യാർത്ഥി പ്രതിനിധി സംഘത്തെ നയിക്കുകയായിരുന്ന മായിംഗ്-ജിയോ. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം ഷി ജിൻപിങ്ങിനെ കണ്ടുമുട്ടിയത്. ഇരുപക്ഷവും തമ്മിലുള്ള കുടുംബ സംഗമം തടയാൻ ബാഹ്യ ശക്തികൾക്ക് കഴിയില്ലെന്നും തങ്ങൾക്കിടയിൽ ചർച്ച ചെയ്യാൻ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
2008 മുതൽ 2016 വരെ തായ്‍വാൻ പ്രസിഡന്റായിരുന്നു മായിംഗ്-ജിയോ. കഴിഞ്ഞ വർഷം ചൈന സന്ദർശിക്കുന്ന ആദ്യത്തെ തായ്‍വാൻ നേതാവാണ് ഇദ്ദേഹം. ഇരുനേതാക്കളും തമ്മിലുള്ള ബുധനാഴ്ചത്തെ കൂടിക്കാഴ്ചയെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് വരെ സ്ഥിരീകരിച്ചിരുന്നില്ല.2015ൽ സിംഗപ്പൂരിൽ നടന്ന സുപ്രധാന ഉച്ചകോടിക്ക് ശേഷം ഷി ജിൻപിങ്ങും മായിംഗ്-ജിയോയും ഇത് രണ്ടാംതവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. 1949ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം തായ്‌വാനിലെ ഒരു നേതാവും ചൈന സന്ദർശിച്ചിട്ടില്ല.