ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് അടിച്ചു തകർത്തു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. 301 കോളനിയിലെ ഗോപി നാഗന്‍റെ വീടാണ് തകർത്തത്. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങിമരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട്ടിലുള്ളവർ അടിമാലിക്ക് പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് വീട് തകർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ റേഷൻ കട തകർത്ത് അകത്ത് കയറി അരി ഭക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. അരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകള്‍ ഇത് പതിമൂന്നാം തവണയാണ് പന്നിയാറിലെ റേഷൻകട തകർക്കുന്നത്. പന്നിയാർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അരിക്കൊമ്പന്‍റെ ആക്രമണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ അരിക്കൊമ്പനെ ഈ പ്രദേശത്തുനിന്ന് പിടിച്ച് കൊണ്ടുപോയി മറ്റൊരു മേഖലയിൽ തുറന്നു വിട്ടിരുന്നു. ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളത്.
അരിക്കൊമ്പനെ ഈ പ്രദേശത്തുനിന്ന് മാറ്റിയതിനുശേഷം കാട്ടാന ആക്രമണങ്ങളിൽ കുറവ് ഉണ്ടായിരുന്നു. എന്നാൽ വീണ്ടും മറ്റ് കാട്ടാനകൾ ആക്രമണങ്ങൾ തുടങ്ങിയതോടെ രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്.