തിരുവനന്തപുരം∙ യുവജനകമ്മിഷന്‍ ചട്ടങ്ങള്‍ മറികടന്ന് ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോം. 2018 ലാണ് യുവജനകമ്മിഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത്. അതിന് മുമ്പ് വാങ്ങിയ അഡ്വാന്‍സ് ക്രമപ്പെടുത്തണമെന്ന് കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വലിയ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ചിന്ത ജറോം പറഞ്ഞു.തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ല. 2018 മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ട്. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണ്. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനായി നിയമിതയാകുന്നത് 2016 ലാണ്. ആ സമയത്ത് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നില്ല. ചുമതലയേല്‍ക്കുമ്പോള്‍ രേഖകളില്‍ ഉണ്ടായിരുന്നത് സേവന വേതന വ്യവസ്ഥ സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നായിരുന്നു. 2017 ലാണ് അഡ്വാന്‍സ് എന്ന നിലയില്‍ 50,000 രൂപ അനുവദിച്ച് ഉത്തരവായത്. അതുവരെ ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്.
2018 മേയ് 26 നാണ് കമ്മിഷന്റെ സേവന– വേതന വ്യവസ്ഥകളും മറ്റും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചട്ടം രൂപപ്പെടുത്തിയത്. ഇതു പ്രകാരം അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചു. 2018 മുതല്‍ ഈ ശമ്പളമാണ് കൈപ്പറ്റിയിരുന്നത്. 2023 ല്‍ വിവാദം കൊണ്ടുവന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഈ വാര്‍ത്ത ആദ്യം വന്നത് സമൂഹ മാധ്യമങ്ങളിലാണ്. മുഖ്യധാരാ മാധ്യമങ്ങളും അതേറ്റുപിടിക്കുകയായിരുന്നു.
32 ലക്ഷം രൂപ എനിക്ക് കിട്ടാന്‍ പോകുന്നുവെന്ന പ്രചാരണമൊക്കെ കണ്ടു. എങ്ങനെയാണ് ആ കണക്ക് കൂട്ടിയതെന്നറിയില്ല. സ്ഥാനമേറ്റടുത്ത അന്നുമുതലുള്ള കണക്ക് കൂട്ടിയാല്‍ പോലും ഇത്രയും തുകയില്‍ എത്തില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. എന്നെ പോലെയുള്ള ഒരു പൊതുപ്രവര്‍ത്തകയുടെ കൈയില്‍ 32 ലക്ഷം ഒരുമിച്ച് വന്നാല്‍ ആദ്യം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും കൊടുക്കുകയെന്നും ചിന്ത പറഞ്ഞു.