ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആഗസ്റ്റിനുള്ളിൽ നിലംപതിക്കുമെന്ന രാഷ്ട്രീയ ജനത ദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ വാദം തള്ളി കേന്ദ്ര മന്ത്രി ചിരാഗ് പസ്വാൻ. പത്തു വർഷം കിട്ടിയിട്ടും ആർ.ജെ.ഡിയുടെ സേനക്ക് തയ്യാറെടുക്കാൻ സാധിച്ചിട്ടില്ല. മോദിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പസ്വാൻ കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഞങ്ങളുടെ സർക്കാരിൻ്റെ ശക്തി അടുത്ത അഞ്ച് വർഷത്തേക്ക് നിലനിർത്തുമെന്നും ശക്തവും ധീരവുമായ നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും എൻ.ഡി.എയെ പ്രതിനിധീകരിച്ച് എനിക്ക് പറയാൻ കഴിയും. എൻ.ഡി.എയുടെ എല്ലാ പാർട്ടികളും ഇതിനെ പിന്തുണയ്ക്കും,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും, പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വന്തമായി ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഘടകക്ഷികളുടെ പിന്തുണയോടെ അടുത്തിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ അധികാരത്തിലെത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വലിയ തിരിച്ചടികളോടെയായിരുന്നു ഇക്കുറി സർക്കാർ അധികാരമേറ്റത്. ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 282, 303 സീറ്റുകൾ നേടിയിരുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 543ൽ 240 സീറ്റ് മാത്രമാണ് വിജയിച്ചത്. എൻ.ഡി.എക്ക് ആകെ 293 സീറ്റുകളാണ് നിലവിലുള്ളത്.