ജയ്പൂർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ വിഭാഗത്തിനെതിരെ ആക്രമണവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഒരു സ്വകാര്യ വസതിയിൽ ഒരു കൂട്ടം ക്രിസ്ത്യാനികൾ പ്രാർത്ഥനാ യോഗത്തിനായി ഒത്തുകൂടിയ സമയത്തായിരുന്നു സംഭവം. വി.എച്ച്.പി നേതാവ് രാജേഷ് സിംഗാളിൻ്റെ നേതൃത്വത്തിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറുകയും നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് യോഗത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു.
സ്ത്രീകളുൾപ്പെടെയുള്ളവരെ സംഘം മർദിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ മതുര പൊലീസ് സ്ഥലത്തെത്തി ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.അതേസമയം വീട്ടിൽ സംഘം ഒത്തുകൂടി നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന വിവരം ലഭിച്ചുവെന്നും ഇത് ചോദ്യം ചെയ്യാനാണ് വസയിതിലെത്തിയതെന്നുമാണ് വി.എച്ച്.പി ജില്ലാ അധ്യക്ഷന്റെ പരാമർശം.
നിർബന്ധിച്ചും വ്യാജ വാഗ്ദാനങ്ങൾ നൽകിയും ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയാണെന്ന വാദങ്ങൾ ഹിന്ദുത്വവാദികൾ ഉയർത്തുന്നതിനിടെയാണ് സംഭവം.