തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ക്രിസ്മസ്- ന്യു ഇയർ ബമ്പർ ബി. ആർ – 89ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. താമരശ്ശേരിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായെത്തിയ ബംപറിന്റെ ഭാഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അച്ചടിച്ചത് 33 ലക്ഷം ടിക്കറ്റുകൾ മാത്രമാണ്. ഇതിൽ മുപ്പത്തി രണ്ട് ലക്ഷത്തി നാല്പത്താറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അൻപത്തി മൂവായിരത്തി ഒരുന്നൂറ്റി രണ്ടെണ്ണമാണ് വിറ്റഴിക്കാത്ത ടിക്കറ്റുകൾ. 400 രൂപയാണ് ടിക്കറ്റ് വില.
32 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ ഏകദേശം 129 കോടിയോളം രൂപയാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.
16 കോടിയുടെ ഒന്നാം സമ്മാനത്തിൽ നിന്നും 10 ശതമാനമായ 1.60 കോടി രൂപ എജന്റിന് കമ്മിഷനായി നൽകും. ബാക്കി തുകയിൽ നിന്നും 30 ശതമാനം നികുതി കിഴിച്ച് വരുന്ന 10 കോടി അടുപ്പിച്ച തുകയാകും വിജയിക്ക് ലഭിക്കുക. എന്തായാലും ആരാകും ആ ഭാഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. അതേസമയം, തിരുവോണം ബംപർ അടിച്ച അനൂപിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ക്രിസ്മസ് ബംപർ ഭാഗ്യശാലി രംഗത്തെത്തില്ലെന്നാണ് പലരും പറയുന്നത്.