ബംഗളൂരു: ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. 160 വർഷം പഴക്കമുള്ള സെൻറ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെൻറ് ആൻറണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോലാറിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മത പുസ്തകങ്ങൾ കത്തിച്ചിരുന്നു.
ബംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലർച്ചെ 5.30നാണ് അക്രമണം നടന്നതെന്ന് പുരോഹിതൻ വികാരി ഫാ. ആൻറണി ഡാനിയേൽ പറഞ്ഞു. പുലർച്ചെ 5.40നാണ് സംഭവം ഇടവകാംഗത്തിന്‍റെ ശ്രദ്ധയിൽപെടുന്നത്.
ഇത്തരത്തിലൊരു ആക്രമണം ആദ്യമായിട്ടാണെന്ന് ഫാദർ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രണം നടന്നിരുന്നു.
നിയമസഭയിൽ കർണാടക മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ആക്രമണം. നിർബന്ധിത മതപരിവർത്തനം തടയാനാണ് പുതിയ ബില്ലെന്നാണ് സർക്കാർ വാദം. എന്നാൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ബില്ലെന്നും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സമാന ബില്ലിനേക്കാൾ കടുപ്പമേറിയതാണെന്നും വിമർശകർ പറയുന്നു. ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബില്ലിനെതിരെ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു.