ഉയർന്ന സുരക്ഷയുള്ള സ്ഥലങ്ങളിൽ ഒന്നാണ് എയർപോർട്ട്. അവിടെ ഉപയോഗിക്കാനേ പാടില്ലാത്ത കുറച്ച് വാക്കുകളുണ്ട്. ബോംബ്, തീവ്രവാദി ഇതൊക്കെ ആ വാക്കുകളിൽ പെടും. അതുകൊണ്ട് അറിയാതെ പോലും ആ വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ, താനൊരു തീവ്രവാദിയാണ് എന്ന് പറഞ്ഞ ഒരു വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ ബംഗളൂരു എയർപോർട്ടിൽ തടഞ്ഞുവച്ചു.
ഉത്തർ പ്രദേശിൽ നിന്നുള്ള ആദർശ് കുമാർ സിങ് എന്ന വിദ്യാർത്ഥിയാണ് ബംഗളൂരുവിലെ എയർപോർട്ടിൽ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചത്. കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സ്വന്തം നാടായ ലഖ്‍നൗവിലേക്കുള്ള വിമാനം കയറാൻ എത്തിയതായിരുന്നു 21 -കാരനായ ആദർശ് കുമാർ. എന്നാൽ, എയർപോർട്ടിലെത്തിയ ആദർശ് താനൊരു തീവ്രവാദി സംഘത്തിലെ അംഗമാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു.
പിന്നാലെ, അധികൃതരെ വിവരമറിയിക്കുകയും സിഐഎസ്എഫ് സ്ഥലത്തെത്തി ആദർശിനെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ആദർശ് പറഞ്ഞത് താൻ ഒരു തീവ്രവാദി സംഘത്തിലെ അംഗമാണ്. ഒരു തരത്തിലും ഈ വിമാനം ലഖ്‍നൗ നഗരത്തിലിറങ്ങാൻ അനുവദിക്കില്ല എന്നാണ്. എന്നാൽ, സുരക്ഷാപരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കാണാത്തതിനാൽ തന്നെ വിമാനം പറക്കാൻ അനുവദിച്ചു.
പിന്നാലെ, ആദർശ് കുമാറിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു. ആ ചോദ്യം ചെയ്യലിൽ ആദർശ് ഉള്ള സത്യം അങ്ങ് തുറന്ന് പറഞ്ഞു. താനൊരു പ്രണയപരാജയം നേരിട്ടു. അത് തന്നെ ആകെ വിഷമത്തിലാക്കി. ഇപ്പോൾ നാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ, എയർപോർട്ടിലെത്തിയപ്പോൾ തീരുമാനം മാറ്റി. വീട്ടിൽ പോകാൻ തോന്നിയില്ല. അതുകൊണ്ടാണ് താനൊരു തീവ്രവാദിയാണ് എന്ന് കള്ളം പറഞ്ഞത് എന്നാണ് ആദർശ് പറഞ്ഞത്. അങ്ങനെ പറഞ്ഞാൽ വിമാനം പറക്കില്ലെന്നും വീട്ടിൽ പോവേണ്ടി വരില്ലെന്നും അവൻ കരുതുകയായിരുന്നത്രെ.