ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്‍റെ പരാതിയിൽ അതിവേഗം നടപടി. നിയുക്ത എം പിയും നടിയുമായ കങ്കണയെ മർദ്ദിച്ചെന്ന് ആരോപണം നേരിടുന്ന വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സി ഐ എസ് എഫ് സസ്പെൻഡ് ചെയ്തു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ദില്ലി സി ഐ എസ് എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു. അതിനിടെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കുൽവീന്ദർ കൗറിനെതിരെ കേസ് എടുത്തിട്ടുമുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സി ഐ എസ് എഫ് വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യൽ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതി നൽകുകയും ചെയ്തു. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കങ്കണ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകുമെന്നാണ് റിപ്പോർട്ട്.