ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരുമാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പൗരത്വ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.