കോഴിക്കോട്: നഗരത്തിൽ രാത്രി ബസുകൾ സ്ഥിരമായി ട്രിപ്പ് കട്ട് ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നു. സിറ്റിയിൽനിന്ന് പുറപ്പെടുന്ന മിക്ക സ്വകാര്യബസുകളും രാത്രി എട്ടിനുശേഷം ഓടാത്ത സ്ഥിതിയാണ്. രാത്രി എട്ടിനും പത്തിനുമിടയിൽ സിറ്റി സ്റ്റാൻഡ്, മാനാഞ്ചിറ ഭാഗങ്ങളിൽ ബസുകൾ വിരളമായേ എത്തുന്നുള്ളൂ. കുണ്ടൂപ്പറമ്പ്, എലത്തൂർ, വെസ്റ്റ്ഹിൽ, ചെറുകുളം, ചെലപ്രം, മാളിക്കടവ്, പറമ്പിൽ ബസാർ, വെള്ളിമാട്കുന്ന്, മെഡിക്കൽ കോളജ്, കുന്നത്ത്പാലം, പെരുമണ്ണ, മീഞ്ചന്ത തുടങ്ങി മിക്ക റൂട്ടുകളിലും പ്രശ്നമുണ്ട്.
കുണ്ടൂപ്പറമ്പ് മേഖലയിലേക്ക് 10ലേറെ ബസുകളുണ്ടെങ്കിലും രാത്രി ഒന്നുപോലും ഓടാത്ത സ്ഥിതിയാണ്. നഗരത്തിലെ എറ്റവും പഴയ ബസ് റൂട്ടുകളിലൊന്നാണിത്. പുതിയങ്ങാടി വഴിയും എടക്കാട് റോഡിലും കൃഷ്ണൻ നായർ റോഡ് വഴിയും കുണ്ടൂപ്പറമ്പിലേക്ക് ബസുണ്ടെങ്കിലും രാത്രിയാത്രക്ക് ബസില്ല. അതിരാവിലെ ട്രിപ്പുണ്ടെങ്കിലും ഓടാത്തതിനാൽ ട്രെയിൻ യാത്രക്കും മാർക്കറ്റിലും മറ്റും പോകുന്നവർ ബുദ്ധിമുട്ടുന്നു.
കുണ്ടൂപ്പറമ്പിൽനിന്ന് മെഡിക്കൽ കോളജിലേക്കും കക്കോടി വഴി ബസുണ്ട്. കൂടിയ തുകകൊടുത്ത് പുതിയങ്ങാടിയിൽനിന്ന് ഓട്ടോ വിളിക്കേണ്ട അവസ്ഥയാണിപ്പോൾ കുണ്ടൂപ്പറമ്പിൽ താമസിക്കുന്നവർക്ക്. ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന സിറ്റിയിലെ പ്രധാന റസിഡൻഷ്യൽ മേഖലയാണ് കുണ്ടൂപ്പറമ്പ്. മണക്കടവ് റൂട്ടിൽ ട്രിപ്പ് കട്ട് ചെയ്യുന്നതിനെതിരെ നാട്ടുകാർ പലതവണ ആർ.ടി.ഒക്ക് പരാതി നൽകിയതാണ്. മാങ്കാവ്, പന്തീരാങ്കാവ് വഴിയുള്ള ബസ് കിട്ടാതെ ജനം വലയുന്നു. പകൽ ഓടുന്ന വണ്ടികൾ മിക്കതും വൈകീട്ടാകുമ്പോഴേക്കും നിർത്തിയിടുന്നത് സാധാരണ സംഭവമായി. ആർ.ടി.ഒയിൽനിന്ന് രാത്രി ട്രിപ് ഒഴിവാക്കുന്നതും സ്ഥിരം പ്രവണതയായി.
ആർ.ടി.ഒയിൽനിന്ന് അനുകൂല തീരുമാനമില്ലെങ്കിൽ കോടതി മുഖേന അനുകൂല വിധി സമ്പാദിക്കുന്നു. മെഡിക്കൽ കോളജിൽനിന്ന് സിറ്റി വഴി പന്തീരാങ്കാവ് മണക്കടവ് ഭാഗത്തേക്ക് വരുന്നവരും ബസില്ലാതെ ബുദ്ധിമുട്ടിലാണ്. രാത്രി ആളുകളില്ലെന്നതാണ് ബസ് നടത്തിപ്പുകാർ ട്രിപ് കട്ടാക്കാൻ പറയുന്ന മുഖ്യ കാരണം. എന്നാൽ ബസ് ഓടാത്തതിനാലാണ് യാത്രക്കാർ കാത്തുനിൽക്കാത്തതെന്ന് നാട്ടുകാരും പറയുന്നു. രാത്രി സഞ്ചരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് ബസുടമകൾ പറയുന്നത്. മെഡിക്കൽ കോളജടക്കം വിവിധയിടങ്ങളിൽ സന്ദർശകർ നന്നായി കുറഞ്ഞു. ജീവനക്കാർ രാത്രി ബസ് ഓടിക്കാൻ തയാറാകാത്തതും പ്രശ്നമാണ്. പുലർച്ചെയും രാത്രിയും ബസ് ഓടിക്കാൻ ജീവനക്കാർ മടിക്കുന്നതായി ബസുടമകളും പറഞ്ഞു.
ഓരോ ബസ് വീതം ഓടിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം
ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി വിവിധ മേഖലകളിലേക്ക് ബസുകൾ രാത്രി ഓടിക്കാൻ നടപടിയെടുക്കുന്നതായി ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. തുളസീദാസ് അറിയിച്ചു. ഓരോ പ്രദേശത്തെയും ബസുടമകളെ വിളിച്ചാണ് ഓടാൻ നടപടിയെടുക്കുന്നത്.
രണ്ടുംമൂന്നും ബസുകൾ രാത്രി സർവിസ് നടത്തുന്നതാണ് രീതി. ഓടുന്ന ബസുകൾക്ക് ബത്തക്കും ചെലവിലേക്കും ഡീസലിനും മറ്റുമായി മറ്റ് ബസുകാർ ചെറിയ തുക നൽകുന്നു. ബേപ്പൂർ, ചെറുകുളം, പറമ്പിൽ ബസാർ തുടങ്ങി വിവിധയിടങ്ങളിലേക്ക് രണ്ട് ബസുകൾവീതം രാത്രിയിൽ ഓടിത്തുടങ്ങി. ഓരോ മാസം ബസുകൾ ഊഴമിട്ടാണ് ഇങ്ങനെ ഓടുന്നത്. രാത്രി ട്രിപ് എടുക്കുന്നത് സംബന്ധിച്ച് കുണ്ടൂപ്പറമ്പിലേക്കുള്ള ബസുടമകളുടെ യോഗം അടുത്ത ദിവസം വിളിക്കുമെന്ന് തുളസീധരൻ അറിയിച്ചു.