മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിനെ നേരിടും. സിറ്റിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. യൂറോപ്യൻ ഫുട്ബോളിന്റെ രാജാക്കൻമാരാവാൻ പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും ഒന്നാമൻമാർ നേർക്കുനേർ വരികയാണ്.
റയൽ മാഡ്രിഡ് പതിനാലാം കിരീടത്തിനായി ഇറങ്ങുമ്പോൾ ആദ്യ കിരീടമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം. ഇരുനിരയിലും അണിനിരക്കുന്നത് വമ്പൻ താരങ്ങൾ. ഗോളടിച്ചുകൂട്ടുന്ന കരീം ബെൻസേമയെ മുന്നിൽ നിർത്തിയാവും റയലിന്റെ ആക്രമണങ്ങൾ. ഒപ്പം വീനിഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയും ചേരുമ്പോള്‍ ആക്രമണം ശക്തം. പരിക്കേറ്റ കാസിമിറോ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. എങ്കിലും ക്രൂസും കാമവിംഗയും മോഡ്രിച്ചും ഉൾപ്പെട്ട മധ്യനിര അതിശക്തം.
മെഹറസ്, ജെസ്യൂസ്, സ്റ്റെർലിംഗ് എന്നിവെരിലൂടെയാവും ഗോളിലേക്കുള്ള സിറ്റിയുടെ മറുപടി. മധ്യനിരയിലെത്തുന്ന ഡിബ്രൂയിനും റോഡ്രിയും സിൽവയും ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മിടുക്കർ. ഇത്തിഹാദിൽ സ്വന്തം കാണികളുടെ പിന്തുണയോടെ നിർണായക ലീഡ് നേടുകയാവും ഗാർഡിയോളയുടെ ലക്ഷ്യം. ആറ് വർഷം മുൻപ് സിറ്റിയും റയലും ചാമ്പ്യൻസ് ലീഗ് സെമിയിൽ ഏറ്റുമുട്ടിയിരുന്നു. ഒറ്റ ഗോളിന് ജയം റയലിനൊപ്പം നിന്നു. അന്നത്തെ തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് സിറ്റിക്ക്. ക്വാർട്ടർ ഫൈനലിൽ റയൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെയും സിറ്റി, അത്‍ലറ്റിക്കോ മാഡ്രിഡിനെയുമാണ് തോൽപിച്ചത്.