ആലപ്പുഴ : കടപ്പുറത്തെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലെത്തിയവർ നൽകിയ തുകയെല്ലാം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ആരോഗ്യവകുപ്പിലെ സംഘം തട്ടിപ്പു കണ്ടെത്തിയതിനെത്തുടർന്ന് സ്പെഷ്യൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 8,63,955 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വികസനഫണ്ട് കൈകാര്യം ചെയ്തിരുന്ന ടി.കെ. വിഷ്ണു എന്ന സെക്ഷൻ ക്ലാർക്ക് ബാങ്കിൽ പണമടയ്ക്കാതെ കൊണ്ടുപോകുകയായിരുന്നെന്നും കണ്ടെത്തി. 2018- ഫെബ്രുവരി ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലാണ് ഇത്രയും പണം നഷ്ടമായത്.
ഒ.പി.ടിക്കറ്റ്, ഐ.പി. ഫീസ്, ലാബ് ബിൽ, ഇ.സി.ജി. ചെലവ്, രക്തബാങ്കിലെ ചെലവ്, എം.ആർ.എൻ. ഫീസ്, അത്യാഹിതവിഭാഗത്തിലെ പാസ്, നഴ്സിങ് ഹോസ്റ്റൽ വാടക, പാർക്കിങ് ഫീസ്, ഗേറ്റ് പാസ്, ഡോർമെറ്ററി പാസ്, ആംബുലൻസ് വാടക, ഇന്റേൺഷിപ്പ് ഫീസ് എന്നിവയിലൂടെ കിട്ടിയ പണമാണു നഷ്ടപ്പെട്ടത്. ആശുപത്രി വികസനസമിതി ഫണ്ടിലെ നിത്യവരുമാനം ക്ലാർക്കായ വിഷ്ണു, ക്യാഷ് ബുക്കിൽ രേഖപ്പെടുത്തി അന്നന്നു ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്. എന്നാൽ നാമമാത്രമായ തുക വല്ലപ്പോഴും അടയ്ക്കുക മാത്രമാണു ചെയ്തതെന്ന് ഓഡിറ്റ് ടീം കണ്ടെത്തി.
തട്ടിപ്പറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാൻ ആശുപത്രിസൂപ്രണ്ട് ഡോ.കെ.കെ. ആശ തയ്യാറായില്ല. പണം തിരിച്ചടപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനാലാണ് അവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ പറയുന്നത് ഉത്തരവാദിത്വമുള്ള സ്ഥാനത്ത് ഇരിക്കുന്നതും മറ്റുജീവനക്കാർക്കു മാതൃകയാകേണ്ടതുമായ ഡോ.കെ.കെ. ആശയുടെ പ്രവൃത്തികൾ തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയും കൃത്യനിഷ്ഠയില്ലായ്മയും അച്ചടക്കലംഘനവും ആശുപത്രിയുടെ വികസനത്തെ തടസ്സപ്പെടുത്തുന്നതും ജീവനക്കാരെ കൃത്യനിർവഹണത്തിൽനിന്നു വിമുഖരാക്കുന്നതുമാണ്. ആശയെ സസ്പെൻഡുചെയ്തെങ്കിലും ക്ലാർക്കിനെതിരേ നടപടിയെടുത്തിട്ടില്ല. ഭരണകക്ഷി സംഘടനയുടെ സ്വാധീനമാണ് പണമപഹരിച്ചയാളെ സംരക്ഷിക്കുന്നതായി ആക്ഷേപമുയർന്നുകഴിഞ്ഞു.