കൽപറ്റ: വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. വയനാട് പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ പൊലീസിന് നേരെയും വെടിവെച്ചു. നാലംഗസംഘത്തിലെ രണ്ട് പേർ ഓടിമാറി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയവരിൽ ഒരാൾക്ക് വെടിയേറ്റതായി പൊലീസ് സംശയമുന്നയിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ചപ്പാരം കോളനിയിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം.