ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. റമദാൻ പ്രാർത്ഥനകൾ നടക്കുന്നതിനിടെ ഒരു വിഭാഗം പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, രാമനവമി ആഘോഷങ്ങൾക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അക്രമസംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.
ഹൗറയിൽ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടി. മഹാരാഷ്ട്രയിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തെലങ്കാനയിൽ കേരളത്തിനെതിരായ എംഎൽഎയുടെ പ്രസംഗവും വിവാദമായി. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര ഹൗറയിലൂടെ കടന്നുപോയതിന് പിന്നാലെയാണ് ബംഗാളിൽ സംഘർഷം തുടങ്ങിയത്. മുമ്പ് സംഘർഷമുണ്ടായ മേഖലയിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇത് പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.
36 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അനുമതിയില്ലാത്ത മേഖലയിലൂടെയാണ് ഘോഷയാത്ര നടത്തിയതെന്നും തുടർന്നാണ് സംഘർഷമുണ്ടായതെന്നും മമത ആരോപിച്ചു. എന്നാൽ, അനുമതി കിട്ടിയ മേഖലയിലൂടെയാണ് രാമനവമി ഘോഷയാത്ര നടത്തിയതെന്നും തൃണമൂൽ കോൺഗ്രസും മമതയുമാണ് സംഘർഷത്തിന് കാരണക്കാരെന്നും ബിജെപി തിരിച്ചടിച്ചു.
കഴിഞ്ഞ വർഷങ്ങളിലും ബംഗാളിൽ രാമനവമി ആഘോഷങ്ങളെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുണ്ടായ അക്രമ സംഭവങ്ങളിൽ പൊലീസുകാരടക്കം 24ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. മുംബൈയിലെ മലാഡിലും സംഘർഷമുണ്ടായി. ഗുജറാത്തിലെ വഡോദരയിലും ദില്ലിയിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളവും ബംഗാളും ഇസ്ലാമിക രാജ്യങ്ങളായി മാറാനുള്ള ശ്രമത്തിലാണെന്നായിരുന്നു രാമനവമി ഘോഷയാത്രക്കിടെയ എംഎൽഎ ടി രാജാസിംഗിന്റെ വിവാദ പരാമർശം.
ബെംഗളുരുവിൽ രാമനവമിക്ക് കാവി ഷാൾ ധരിച്ചെത്തിയ വിദ്യാർഥികളെ യെലഹങ്കയിലെ സ്വകാര്യ കോളേജ് ക്യാമ്പസിൽ കയറാൻ അനുവദിക്കാതിരുന്നതും വിവാദമായി. മതപരമായ വസ്ത്രങ്ങൾ ധരിച്ച് ക്യാമ്പസിൽ എത്തരുതെന്ന കർണാടക ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ തടഞ്ഞത്. ഇതിനെതിരെ ഹിന്ദു ജാഗരണവേദികെ പ്രവർത്തകർ പ്രതിഷേധിച്ചു.