തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ച് എത്തിയവരെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് മർദ്ദനം. ഒരാൾക്ക് വെട്ടേറ്റ് അഞ്ചു പേർ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ സ്വകാര്യ ബാറിൽ മദ്യപിച്ചെത്തിയവരെ തുറിച്ചു നോക്കി എന്ന് ആരോപിച്ച് മർദ്ദനത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശിയായ കണ്ണൻ എന്നു വിളിക്കുന്ന മഹേഷിനെയാണ് അഞ്ചംഗ സംഘം മർദിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചു വെട്ടി പരിക്കേൽപ്പിച്ചത്.
നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ അഭിഷേക്, ഹരികൃഷ്ണൻ, അനൂപ്, സാജൻ, അർഷാദ് എന്നിവരെയാണ് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോഴിക്കോട് സ്വദേശികളായ അഞ്ചു പേർ ബിസിനസ് സംബന്ധമായി നെയ്യാറ്റിൻകരയിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നെയ്യാറ്റിൻകര ആലു മൂടിന് സമീപമുള്ള സ്വകാര്യ ബാറിന് മുന്നിൽ നിന്നിരുന്ന കോഴിക്കോട് സ്വദേശികളായ ഒരാൾ, പ്രതികളായ ഒരാളെ തുറിച്ചു നോക്കിയെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.
മർദിച്ച ശേഷം ആയുധം എടുത്ത് മഹേഷിനെ കാലിലും കയ്യിലും വെട്ടിയശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
മഹേഷ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ അഞ്ചോളം പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും മുഖ്യപ്രതിയായ ഒരാൾ ഒളിവിലാണ്. ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പോലീസ് അറിയിച്ചു. ഇപ്പോൾ പിടിയിലായവർ മറ്റ് നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ഹരികൃഷ്ണൻ, സാജൻ എന്നിവർ കാപ്പാ ലിസ്റ്റിലുള്ള പ്രതികളുമാണ്. അർഷാദ് റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.