കാസർകോട്: കോൺഗ്രസിന്റെ ജില്ല പൊലിസ് മേധാവി ഓഫിസ് മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. പൊലീസിെന്റ ലാത്തിയടിയേറ്റ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ തലപൊട്ടി. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പ്രദീപ്കുമാർ ഉൾപ്പടെ ഏതാനും പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും എതിരെ സർക്കാർ കള്ളകേസെടുത്തുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് മാർച്ചിന്റെ ഭാഗമായാണ് കാസർകോട് എസ്.പി. ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
വിദ്യാനഗർ ഡി.സി.സി ഓഫിസ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗം കഴിയുന്നതുവരെ ശാന്തരായിനിന്ന പ്രവർത്തകർ ഉദ്ഘാടനശേഷം ബാരിക്കേഡ് തള്ളി നീക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടയുകയായിരുന്നു പിന്നാലെ സംഘർഷം ഉടലെടുത്തു.
പൊലീസിനെ കല്ലെറിയുകയും മർദിക്കുകയും ചെയ്തതോടെ പൊലിസ് നടപടിയാരംഭിച്ചു. പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിൻമാറാതെ വന്നപ്പോഴാണ് ലാത്തിവീശിയത്. പൊലിസ് ലാത്തിയടി തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഡി.സി.സി പ്രസിഡന്റിന് പരിക്കേറ്റത്. രണ്ട് പൊലിസുകാർക്കും പരിക്കേറ്റു. ഒരാൾക്ക് മർദനത്തിലും മറ്റെയാൾക്ക് കല്ലേറിലുമാണ് പരിക്ക്. നീലേശ്വരം, ഹോസ്ദുർഗ് പൊലിസ് സ്റ്റേഷനുകളിലെ സി.പി.ഒ മാർക്കാണ് പരിക്കേറ്റത്.
ഡി.സി.സി. പ്രസിഡന്റിന്റെ അക്രമിച്ചുവെന്ന വിവരം അറിഞ്ഞതോടെ പ്രവർത്തകർ പ്രകടനമായി വിദ്യാനഗറിലെത്തി ദേശീയപാത ഉപരോധിച്ചു. 10 മിനിറ്റിലധികം ദേശീയപാത സ്തംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രനും മറ്റ് നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഡി.സി.സി പ്രസിഡന്റിനെതിരെ കേസ്
കാസർകോട്: രണ്ട് പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും റോഡ് ഉപരോധിച്ച സംഭവത്തിലും ടൗൺ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, ജവാദ്, പ്രദീപ് കുമാർ, ടോണി എന്നിവരുൾപ്പടെ 12പേർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്ന് റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുത്തു.
ഫൈസലിന് വളഞ്ഞിട്ട് മർദനം
കാസർകോട്: കോൺഗ്രസ് മാർച്ചിൽ സംഘർഷത്തിനിടെ ഫൈസലിനെ അടിച്ചത് പൊലീസുകാരൻ. സംഘർഷം തടയാൻ ഇറങ്ങിയ പി.കെ. ഫൈസൽ പൊലീസ് കൂട്ടത്തിന്റെ നടുവിൽ ഒറ്റപ്പെട്ടപ്പോഴാണ് മർദനം. കൂട്ടത്തിൽ തൊപ്പി ധരിക്കാത്ത പൊലീസുകാരൻ മുന്നിലുള്ള പൊലിസുകാരെ കടന്ന് ലാത്തികൊണ്ട് തലയിൽ അടിക്കുന്ന ചിത്രവും പുറത്താണ്. ഫൈസലിനെ തലപൊട്ടി ചോരയൊഴുകുന്ന നിലയിൽ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടിച്ചത് ഡിവൈ.എസ്.പി -രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനെ അടിച്ചത് ഡി.വൈ.എസ്.പി പി.കെ. സുധാകരനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഒരു കോൺസ്റ്റബിളോ സബ് ഇൻസ്പെക്ടറോ അല്ല, ഡി.വൈ.എസ്.പിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മർദിച്ചത്. പ്രകോപിതരായാൽ ലാത്തിച്ചാർജൊക്കെ സ്വാഭാവികമാണ്. എന്നാൽ സർക്കാറിനെ പ്രീണിപ്പിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. സർവിസിലിരിക്കെ സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് വിവരംകെട്ട ഡി.വൈ.എസ്.പി. ഇയാളുടെ അഴിമതി കൊച്ചുകുഞ്ഞുങ്ങൾക്കുപോലും അറിയാം.
ഇടതുമുന്നണിയെ പ്രീണിപ്പിക്കാൻ അവരുടെ കുഴലൂത്തുകാരനാണ് താനെന്ന് തെളിയിക്കാനാണ് ഡി.സി.സി പ്രസിഡന്റിനെ അടിച്ചത്. പ്രവർത്തകരെ സമാധാനിപ്പിക്കാനാണ് ഫൈസൽ രംഗത്തിറങ്ങിയത്. അങ്ങനെയൊരാളെ മുന്നറിയിപ്പില്ലാതെ അടിക്കുകയായിരുന്നു. അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു.
സി.എം.പി പ്രതിഷേധിച്ചു
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ കള്ളക്കേസ് എടുത്ത നടപടിക്കെതിരെ ഡി.സി.സി സംഘടിപ്പിച്ച എസ്.പി. ഓഫിസ് മാർച്ചിൽ ഡി സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനെ മർദിച്ച് തലപൊട്ടിച്ച പോലീസ് നടപടിയിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രതിഷേധിച്ചു.