കോട്ടയം ∙ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് യഥാർഥ്യമല്ലെന്നു പ്രതികരണം. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളാണു രംഗത്തെത്തിയത്. ജോലിക്കാരുടെ കൂട്ടത്തിലൊരാള്‍ ദലിത് വിഭാഗത്തില്‍നിന്നാണ്. മൂന്നുപേര്‍ ഒബിസിക്കാരാണെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു.ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച അടൂർ, സന്ധ്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിയാലേ വസ്തുതകൾ പുറത്തുവരൂ എന്നും വ്യക്തമാക്കി.
ഡയറക്ടർ രാജിവച്ചതിനു പിന്നാലെ 8 അധ്യാപകരും അക്കാദമിക് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. കുറ്റവാളികൾ ഗേറ്റ് കീപ്പറായാലും ശുചീകരണ തൊഴിലാളികളായാലും ജോലിക്കാരോ വിദ്യാർഥികളോ അധ്യാപകരോ ആയാലും അവരെ കണ്ടെത്തി തക്കശിക്ഷ നൽകണം. എന്നാലേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു പോകൂ എന്ന് അടൂർ ചൂണ്ടിക്കാട്ടി.