കൊല്ലം: കരുനാഗപ്പള്ളിയിൽ വഴിയാത്രക്കാരനായി വൃദ്ധൻ വരച്ച ചിത്രം മായ്ച്ച് സിപിഎം ജാഥയുടെ പ്രചാരണത്തിനുപയോഗിച്ച സംഭവത്തിൽ തെറ്റുതിരുത്തി ഡിവൈഎഫ്ഐ. സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്ന സംഭവത്തിൽ ചിത്രകാരനെ കണ്ടെത്തി, തിരിച്ചെത്തിച്ച്, അതേ ചുവരിൽ ചിത്രം വരപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ. കൊല്ലം കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റ് സാന്റിനടുത്തുള്ള കടമുറിയുടെ ചുവരിലാണ് ചിത്രം വരപ്പിച്ചിരിക്കുന്നത്.
പച്ചിലയും കരിയും ചോക്കുകളും ഉപയോഗിച്ചു ഗ്രാമീണ ഭംഗിയാണ് കരുനാഗപ്പള്ളിയിലെ ചുവരിൽ ചിത്രകാരനായ വയോധികൻ വരച്ചുവെച്ചത്. ഒരാഴ്ചയെടുത്ത് വരച്ച ചിത്രം സിപിഎം ജാഥയുടെ ചുവരെഴുത്തിനായി മായ്ച്ചത് വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം സിപിഎം നേരിടേണ്ടി വന്ന സംഭവമായിരുന്നു ഇത്.
പൊതു സ്ഥലത്തെ ചുവരുകളിൽ ചിത്രം വരക്കുകയും ഇത് കാണാനെത്തുന്നവർ നൽകുന്ന ചെറിയ സംഭവനകൾ ഉപയോഗിച്ച് ജീവിക്കുകയുമാണ് തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദൻ. ചിത്രം വരച്ചാൽ കുറച്ചു ദിവസം ആ സ്ഥലത്ത് നിൽക്കും. പിന്നീട് അടുത്തയിടങ്ങളിലേക്ക് പോകുന്നതാണ് സദാനന്ദന്റെ രീതി. കരുനാഗപ്പള്ളിയിൽ സദാനന്ദൻ വരച്ച ചിത്രം വലിയ ആകർഷണമായിരുന്നു. ഇപ്പോൾ ഇതേ സ്ഥലത്ത് സിപിഎമ്മിന്റെ ചുവരെഴുത്ത് മായ്ച്ച് കളഞ്ഞ് സദാനന്ദനെ കൊണ്ട് തന്നെ മറ്റൊരു ചിത്രം വരപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ.