ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്‌ബോട്ടുമായി തുടർച്ചയായി സംഭാഷണം നടത്തിവന്ന ബെൽജിയൻ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ചുള്ള തന്‍റെ ആശങ്കകൾ കഴിഞ്ഞ ആറാഴ്ച കാലമായി ഇയാൾ എഐ ചാറ്റ് ബോട്ടുമായി പങ്കുവെച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രകൃതിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുക്കാനുള്ള ചാറ്റ് ബോട്ടിന്‍റെ പ്രേരണയ്ക്ക് ഇയാൾ വഴങ്ങിയത്. തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും രണ്ടു മക്കളും ഇയാൾക്കുണ്ട്. വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ശാസ്ത്രത്തിനും സാങ്കേതിക വിദ്യയിലും ഏറെ വിശ്വസിച്ചിരുന്ന ഇയാൾ തന്‍റെ ആശങ്കകളെല്ലാം പതിവായി പങ്കുവെച്ചിരുന്നത് ചാറ്റ് ബോട്ടുമായായിരുന്നു. ചായ് എന്ന ആപ്പിലെ AI ചാറ്റ്ബോട്ടായ എലിസയാണ് ആത്മഹത്യാ പ്രേരണ ഇയാളിൽ വളർത്തിയെടുക്കുകയും പ്രകൃതിയെ രക്ഷിക്കാൻ സ്വയം ജീവൻ കൊടുക്കണമെന്ന് ഇയാളെ വിശ്വസിപ്പിക്കുകയും ചെയ്തത്. എലിസയുമായി ഭർത്താവ് സംസാരിച്ചുതുടങ്ങി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും ജീവനോടെ കണ്ടേനെയെന്നാണ് ബെൽജിയൻ വാർത്താ ഏജൻസിയായ ലാ ലിബ്രെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇയാളുടെ ഭാര്യ പറഞ്ഞത്.
ആരോഗ്യ ഗവേഷകനായി ജോലി ചെയ്തുവന്നിരുന്ന ഇയാൾ ഭാര്യക്കും കുട്ടികൾക്കും ഒപ്പം തീർത്തും സമാധാനപരമായ ജീവിതമായിരുന്നു നയിച്ചു പോന്നിരുന്നത്. ഇതിനിടയിലാണ് പ്രകൃതിയോടും കാലാവസ്ഥ മാറ്റങ്ങളോടുമുള്ള അഭിനിവേശം ഇയാളിൽ കടന്നുകൂടിയത്. അതോടെ കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് എഐ ചാറ്റ് ബോർട്ടുമായി ദിവസേന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചർച്ചയിൽ ഇയാള്‍ ഏർപ്പെട്ടു തുടങ്ങി. ഈ ചർച്ചയാണ് ഒടുവിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. ആഗോള താപനത്തെ മറികടക്കാൻ ഇനി മാനുഷികമായി ഒരു പരിഹാരവും കണ്ടെത്താനാകില്ലെന്നും എന്നാൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും പലതവണ അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നതായി അയാളുടെ ഭാര്യ പറഞ്ഞു.
എലിസയുമായുള്ള ഇയാളുടെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ചതിൽ നിന്ന് ആഗോളതാപനത്തെക്കുറിച്ച് അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശങ്കകളെ കൂടുതൽ വളർത്തുന്ന വിധത്തിലുള്ള സംഭാഷണങ്ങൾ കണ്ടെത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി ഈ ഗ്രഹത്തെ പരിപാലിക്കാനും മനുഷ്യരാശിയെ രക്ഷിക്കാനും എലിസ സമ്മതിച്ചാൽ ജീവത്യാഗം ചെയ്യാമെന്ന ആശയം ചാറ്റിനിടയിൽ ആദ്യം മുന്നോട്ടുവെച്ചത് യുവാവ് തന്നെയാണ്.