അടിമാലി: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തേങ്ങയിടാൻ കയറിയ തൊഴിലാളി യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. രണ്ട് മണിക്കൂറിന് ശേഷം എത്തിയ ഫയർ ഫാേഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി. വെള്ളത്തൂവൽ കണ്ണങ്കര ജയൻ (47) നെയാണ് അടിമാലി ഫയർ ഫാേഴ്സ് രക്ഷിച്ചത്. വെള്ളത്തൂവൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം. 70 അടി ഉയരമുള്ള തെങ്ങിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു ഇയാൾ.
വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയൻ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയതാണ്. തിരിച്ച് ഇറങ്ങവെ തല കീഴായി മറിഞ്ഞു. കാൽ യന്ത്രത്തിൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു. വിവരമറിഞ്ഞ് ഫയർ ഫാേഴ്സ് റോപ്പ്, നെറ്റ് ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സേനാംഗങ്ങളായ രാഹുൽ രാജ്, ജെയിംസ് എന്നിവർ മുകളിൽ കയറി ജയനെ വലയ്ക്കകത്താക്കി സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് ജയനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല.
സ്റ്റേഷൻ ഓഫീസർ പ്രഗോഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിഷേക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജെയിംസ് തോമസ്, സനീഷ്, രാഹുൽരാജ്, രാഗേഷ്, ജിനു, ജിൽസൺ എന്നിവർ അടങ്ങുന്ന അടിമാലി അഗ്നിരക്ഷാ നിലത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുമണിക്കൂറോളം നേരത്തെ പരിശ്രമ ഫലമായാണ് അഗ്നിശമനസേന ജയനെ താഴെ ഇറക്കിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.