ന്യൂഡൽഹി: അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി “ക്ലോക്ക്” ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവിനെ തുടർന്ന് നൽകിയ പത്ര പരസ്യങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീംകോടതി. എല്ലാ പ്രചാരണ വസ്തുക്കളിലും ചിഹ്നം അനുവദിച്ചത് സബ് ജുഡീഷ്യൽ ആണെന്ന് വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കാൻ കോടതി അജിത്ത് പവാർ വിഭാഗത്തിന് നിർദേശം നൽകി.
മാർച്ച് 19ന് കോടതി പുറപ്പെടുവിച്ച ഉത്തരവിന് ശേഷം പുറത്തുവിട്ട പരസ്യങ്ങളുടെ വിവരങ്ങൾ നൽകാൻ അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോടതിയുടെ വ്യക്തമായ നിർദേശം ഉണ്ടായിട്ടും പരസ്യങ്ങളിൽ ചിഹ്നം ഉപയോഗിക്കുന്നതിൽ അജിത് പവാർ വിഭാഗം പരാജയെപ്പെട്ടുവെന്ന് ശരദ് പവാറിന്റെ അഭിഭാഷകൻ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ’ എന്ന പേര് ഉപയോഗിക്കാൻ ശരദ് പവാർ വിഭാഗത്തിന് മാർച്ച് 19 ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു.