ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്‌ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം മഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്.
മാംലിഗിലെ ധയാവാല ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വീടുകളും ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. ആറ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട്. സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ജാഗ്രത പാലിക്കണമെന്നും റോഡുകൾ, വൈദ്യുതി, വെള്ളം എന്നിവയുടെ സുഗമമായ ക്രമീകരണങ്ങൾ നിലനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഷിംലയിലെ ശിവക്ഷേത്രത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുട്ടികളെ പുറത്തെടുത്തു. 25-30 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. കംഗ്രയിൽ പോങ് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ ജലനിരപ്പ് 1395 എന്ന അപകടസൂചനയിലേക്ക് അടുക്കുകയാണ്. ഒരു മണിക്കൂറിൽ 6 ലക്ഷം ക്യുസെക്സ് വെള്ളമാണ് പോങ് ഡാമിൽ എത്തുന്നത്. അതേസമയം മൺസൂണിന്റെ ആഘാതം മൂലം 7020.28 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു.