ദില്ലി: വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. ആറായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുമെന്ന് അശോക് ഗലോട്ട് പങ്കെടുത്ത നിക്ഷേപക ഉച്ചകോടിയില്‍ ഗൗതം അദാനി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നിരന്തര വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ഗലോട്ട് പരവതാനി വിരിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഇന്നും നാളെയുമായി രാജസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാന ക്ഷണിതാവാണ് ഗൗതം അദാനി. വരള്‍ച്ചയും ക്ഷാമവുമൊക്കെയായി സംസ്ഥാനം നേരിട്ട പ്രതിസന്ധി ഗൗതം അദാനിക്ക് മുമ്പില്‍ വിശദീകരിച്ച അശോക് ഗലോട്ട് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വ്യവസായ വളര്‍ച്ചയെ പുകഴ്ത്തി. ഗൗതം അദാനി നല്‍കിയ സംഭാവനകളെയും അശോക് ഗലോട്ട് പരാമര്‍ശിച്ചു. പിന്നാലെ, നാല്‍പതിനായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനുള്ള ആറായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് ഏഴ് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയവും, മെഡിക്കല്‍ കോളേജ് ആശുപത്രികളും ഗൗതം അദാനി വാഗ്ദാനം ചെയ്തു.
മോദി-ഗൗതം അദാനി കൂട്ടുകെട്ടെന്ന ആക്ഷേപം കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി ഉന്നയിക്കുമ്പോഴാണ് അദാനിയെ പങ്കെടുപ്പിച്ച് അശോക് ഗലോട്ട് നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഗാന്ധി കുടുംബവും അശോക് ഗലോട്ടും അകലുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതുമായി അശോക് ഗലോട്ടിന്‍റെ നടപടി. രാഹുല്‍ ഗാന്ധി എതിര്‍ക്കുന്ന ഗൗതം അദാനിയെ അശോക് ഗലോട്ട് വരവേറ്റത് കോണ്‍ഗ്രസിലെ അന്തച്ഛിദ്രത്തിന്‍റെ തെളിവാണെന്ന് ബി ജെ പി ആരോപിച്ചു.