തിരുവനന്തപുരം: ഇടതുനിരയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ ലൈനെന്നും എന്നാൽ ആസൂത്രിതമായ വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു. നാടിൻ്റെ പുരോഗതിയ്ക്ക് ഉതകുന്ന വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും സിൽവർ ലൈൻ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് ഒന്നിച്ചു മുന്നോട്ട് പോകാമെന്നുമുള്ള ആഹ്വാനവും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് –
കേരളത്തിൻ്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം. നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിൻ്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിൻ്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം.