തിരുവനന്തപുരം: വിശ്വാസത്യയെ ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങൾ മുൻപെങ്ങുമില്ലാത്ത വിമര്‍ശനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയകാലം മാറി ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കാലമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയാണെന്ന് വിശ്വാസിക്കുന്ന സമയം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെയുഡെബ്ള്യുജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ്. വാർത്ത വസ്തുതയുമായി ബന്ധപ്പെട്ടതാണ്. വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കൽപ്പിക വാർത്തകൾ വരുന്നെങ്കിൽ ഇങ്ങനെ തുടരാമോ എന്ന സ്വയം വിലയിരുത്തൽ വേണം. പൊതു സമൂഹത്തിൽ മാധ്യമ മേഖലയിലെ നയ സമീപനങ്ങൾ തുറന്ന് കാണിക്കുന്നുണ്ട്. വിശ്വാസ്യതയെ ബാധിക്കുന്ന വിധം മാധ്യമങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം വിമർശനം നേരിടുന്നു.
പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയെന്ന് തോന്നുന്ന അവസ്ഥ മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുന്ന നിലയുണ്ട്. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടത്. കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നത്. കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്.
രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. തിരുത്തൽ വരുത്തേണ്ടത് സ്വന്തമായിട്ടാണ്. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങൾ പാലിക്കുന്നില്ല. വികസന പദ്ധതികൾ പൂർണ ഫലപ്രാപ്തിയിലെത്തണമെങ്കിൽ സർക്കാർ നടപടികൾ ജനങ്ങൾ അറിയേണ്ടതുണ്ട്. നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃദ്ധിപ്പെടില്ല എന്ന് മനസ്സിലാക്കണം.
നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സമഗ്രതയോടെ വിലയിരുത്തപ്പെടണം. മാധ്യമങ്ങളിലേക്ക് വൻതോതിൽ കോർപറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അത് വഴി ജനാധിപത്യത്തെ പ്രത്യേക രീതിയിൽ അട്ടിമറിക്കാനാണ് ശ്രമം. മാധ്യമപ്രവർത്തകരെ കോർപറേറ്റുകൾ ഭയപ്പെടുത്തുന്നു. സർക്കാരിനെതിരായക്രിയാത്മക മാധ്യമ വിമർശനം ഉൾക്കൊള്ളും.