ഹൈദരാബാദ്: കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസി ആറിനെ അഭിനന്ദിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.
തെലങ്കാനയിലെ ഭൂസമരങ്ങൾ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കാണ് നമ്മുടേത്. കോർപ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോൾ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്. ആളുകളെ മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്‍റെ അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.