ലണ്ടൻ∙ യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി പി.രാജീവും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ഇന്നു രാവിലെ ലണ്ടനിൽ എത്തിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ.
ഇന്ന് ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാർക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി പ്രണാമം അർപ്പിക്കും. നാളെ രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിലാണ് (ടാജ്) ലോകകേരളസഭ യൂറോപ്പ്–യുകെ മേഖലാ സമ്മേളനം. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സമ്മേളനം സമാപിക്കുക. സമ്മേളനത്തിൽ ലോകകേരളസഭ പ്രസീഡിയം അംഗമായിരുന്ന ടി.ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗൽഭ്യ പുരസ്കാര ദാനം മുഖ്യമന്ത്രി നിർവഹിക്കും.
നാളെ വൈകിട്ട് ലണ്ടൻ മിഡിൽസെക്സിലെ ഹെൽറ്റം ടൂഡോ പാർക്കിൽ നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേളീരവം എന്ന സാംസ്കാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി എഴു മുതൽ ഒൻപതുവരെ കേളീരവം സാംസ്കാരിക പരിപാടികൾ തുടരും.
മുഖ്യമന്ത്രിക്കൊപ്പം ചേരാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്നലെ രാത്രി ലണ്ടനിലെത്തി. സമ്മേളന ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോർക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഏതാനും ദിവസങ്ങൾക്കു മുൻപുതന്നെ ബ്രിട്ടനിലെത്തിയിരുന്നു. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരും.
തിങ്കളാഴ്ച കാഡിഫ് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിൽ ഗ്രാഫിൻ ഇന്നവേഷൻ സെന്റർ തുടങ്ങുന്നതു സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തും. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും (സ-മെറ്റ്) ടാറ്റാ സ്റ്റീൽ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണിത്. സംസ്ഥാന സർക്കാർ സ്ഥലവും അടിസ്ഥാന സൗകര്യവുമൊരുക്കി കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പാക്കുന്ന 86.41 കോടിയുടെ പദ്ധതിയാണിത്. സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ 12ന് സംഘം കേരളത്തിലേക്ക് മടങ്ങും.