തിരുവനന്തപുരം> ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ പ്രഥമ ഡയറക്ടറായിരുന്ന ഡോ. പി കെ മോഹൻലാലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.”ആയുർവേദ ചികിത്സയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. മോഹൻലാൽ. ആയുർവേദ രംഗത്ത് പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം ബന്ധിപ്പിക്കുന്ന സമീപനം അദ്ദേഹം എന്നും കൈക്കൊണ്ടു. വൈദ്യശാസ്ത്രം ജനങ്ങൾക്ക് എന്നതായിരുന്നു അദ്ദേഹത്തിൻറെ ആത്യന്തികമായ ആപ്തവാക്യം. അതിനനുസൃതമായി മാത്രമാണ് അദ്ദേഹം ജീവിതത്തിലുടനീളം പ്രർവത്തിച്ചത്.
പല തലമുറകൾക്ക് ഗുരുനാഥനായിരുന്ന ഡോ. മോഹൻലാൽ ആയുർവേദ വൈദ്യശാസ്ത്ര രംഗത്ത് ഗവേഷണ ബുദ്ധിയോടെ പ്രവർത്തിച്ചു. താരതമ്യ ചികിത്സാ പദ്ധതി രംഗത്ത് തൻറേതായ സംഭാവന അർപ്പിച്ചു. ആയുർവേദ മെഡിക്കൽ കോളേജ് നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ചെലുത്തിയ ശ്രദ്ധയും എടുത്ത് പറയേണ്ടതാണ്”- മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.