മലപ്പുറം> ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയകലാപമില്ലാത്ത, സമുദായ മൈത്രിയുടെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ നാടാണിത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘മലപ്പുറം: മിഥ്യയും യാഥാർഥ്യവും–- ബഹുസ്വര സംസ്‌കാര പഠനങ്ങൾ’ എന്ന പുുസ്‌തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണകാലത്ത് ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന സിദ്ധാന്തമാണ് നടപ്പാക്കിയത്. അതനുസരിച്ച് മലപ്പുറത്തെ വികലമായി ചിത്രീകരിച്ചു. അതിൽനിന്ന് ഊർജമുൾക്കൊണ്ട് മലപ്പുറത്തെ അപകീർത്തിപ്പെടുത്താനാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. 1921ലെ മലബാർ കാർഷിക കലാപത്തെ മുസ്‌ലിം ജനതയുടെ ഹാലിളക്കം എന്നാണ് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്. അതേനിലയിൽ മാപ്പിള കലാപം എന്ന് മുദ്രയടിക്കുകയാണ് ഹിന്ദുത്വശക്തികൾ. കാർഷിക കലാപത്തെ കരിനിയമംകൊണ്ടുവന്ന് വർഗീയമാനത്തോടെ അടിച്ചമർത്താൻ സാമ്രാജ്യതം ശ്രമിച്ചു. ആ കലാപത്തിൽ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കമേ ഇല്ല എന്നു വ്യാഖ്യാനിച്ച് വർഗീയ ആക്രമണമായി ചിത്രീകരിക്കുകയാണ് ഹിന്ദുത്വശക്തികളായ പുത്തൻ ഭരണാധികാരികൾ. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്‌ലിയാർ തുടങ്ങിയവരെ സാമ്രാജ്യതവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റി.
മലബാർ കലാപത്തെ കാർഷിക കലാപമെന്ന് വിശേഷിപ്പിച്ച് സമരത്തിന്റെ 25ാം വാർഷികവേളയിൽ ഇ എം എസ് എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ സർക്കാർ നിരോധിച്ചു. ഇതേ ദേശാഭിമാനിയാണ് ഈ നാടിന്റെ യഥാർഥ ചരിത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. ചരിത്രപരമായ വലിയ ശരിയാണ് ദേശാഭിമാനി നിർവഹിക്കുന്നത്. ജനമനസ്സുകളുടെ ഒരുമയാണ് മലപ്പുറത്ത് കാണാനാവുക. എന്തെല്ലാം പ്രകോപനങ്ങൾ ആരിൽനിന്നെല്ലാം ഉണ്ടായി. ഒന്നിലും മലപ്പുറം പ്രകോപിതമായില്ല. ഈ നാടിന്റെ ബഹുസ്വരമായ സംസ്‌കാരത്തെ സംരക്ഷിക്കാനും വളർത്താനും എല്ലാവരും ശ്രമിക്കണം–- മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി.