തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ മുൻ നിലപാട്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കടുത്ത നിലപാട് മയപ്പെടുന്നെന്ന് വ്യക്തമാക്കുന്നതാണ് വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം.
പ്രതിപക്ഷ സമരങ്ങള്‍ വികസനം അട്ടിമറിക്കാനാണെന്നും അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ സിപിഎമ്മിലുമുണ്ടെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വന്‍കിട പദ്ധതിക്കുള്ള സ്ഥലത്തില്‍നിന്നു മൂന്നു സെന്റ് സ്ഥലം മറ്റൊരു കാര്യത്തിന് ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞായിരുന്നു വിമര്‍ശനം.നിക്ഷേപപദ്ധതിക്ക് നേരത്തെ നല്കിയ അനുമതിയുടെ കാലാവധി കഴിഞ്ഞ് നഗരസഭാ കൗണ്‍സിലിനെ വീണ്ടും സമീപിച്ചപ്പോള്‍ അനുമതി നല്‍കാത്ത സംഭവവുമുണ്ടായെന്നും ഇതു തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്ട്ടിക്കാര് ഇത്തരം കാര്യത്തില്‍ ഇടപെടരുതെന്നും തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.