തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ തുടർ നടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടർമാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയും നിര്‍ദ്ദേശം.
ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കൽ എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി പരമാവധി ശുപാർശകൾ സർക്കാരിന് നൽകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പൊലീസ് നൽകുന്ന ശുപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാർശകളിൽ സംശയമുണ്ടെങ്കിൽ കളക്ടർമാരും എസ്പിമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോട്ടയത്ത് കാപ്പയിൽ നിന്നും ഒഴിവാക്കിയ ഗുണ്ട, സ്റ്റേഷന് മുന്നിൽ കൊലപാതകം നടത്തിയ കാര്യവും മുഖ്യമന്ത്രി ഓർമ്മിച്ചു.
കാപ്പാ ശുപാർശയിൽ ഉത്തരവിടുന്നതിൽ ചില കളക്ടർമാർ പിന്നോട്ടാണ്. അത് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരു നിയമം എല്ലാ ജില്ലാ കളക്ടർമാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി വിൽപ്പനക്കാരെയും അമർച്ച ചെയ്യുക തന്നെ വേണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. എസ്ഡിപി ആക്ട് പ്രകാരം 118 ശുപാർശ തയ്യാറായിട്ടുണ്ടെന്ന് എഡിജിപി വിജയ സാക്കറെ യോഗത്തില്‍ പറഞ്ഞു.