തിരുവനന്തപുരം : ഇഴഞ്ഞുനീങ്ങുന്ന കെ ഫോണ്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ, പുതിയ പ്രഖ്യാപനവുമായി പിണറായി വിജയന്‍. മെയ് ഓടെ മുഴുവന്‍ മണ്ഡലങ്ങളിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കും എന്നാണ് പുതിയ പ്രഖ്യാപനം. പദ്ധതി വൈകുന്നതിലെ വിശദീകരണം അടക്കം ചേര്‍ത്താണ്, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി പോസ്റ്റ്. കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. 2021ഓടെ സ്വപ്‌ന പദ്ധതിയുടെ പൂര്‍ത്തീകരണം. 2019 ല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ക്ക് എന്ത് പറ്റിയെന്ന വിമര്‍ശങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ കെ- ഫോണ്‍ പോസ്റ്റുകള്‍ വ്യാപകമായി കുത്തിപ്പൊക്കിയത്. കൊട്ടിഘോഷിച് പ്രഖ്യാപിച്ച കെ ഫോണിന്റെ അതേ ഗതിയാകുമോ സില്‍വര്‍ ലൈനിനും എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.
പഴയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുള്ള പ്രചാരണങ്ങളെ തുടര്‍ന്നാണ്, പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പുതിയ പോസ്റ്റിട്ടത്. പ്രളയവും കോവിഡും പ്രതികൂലമായെന്നാണ് പോസ്റ്റില്‍ പറയുന്നത്. പ്രതികൂല സഹചര്യങ്ങളെ മറികടന്ന് കെ ഫോണ്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു. നെറ്റവര്‍ക്ക് ഓപറേറ്റിംഗ് സെന്ററിന്റെ പണികള്‍ തീര്‍ന്നു. എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021 ഡിസംബര്‍ 31ഓടെ പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ളവ ജൂണില്‍ പൂര്‍ത്തിയാകും. പറഞ്ഞത് പ്രവര്‍ത്തികമാക്കുകയാണ് കഴിഞ്ഞ ആറ് വര്‍ഷത്തെ കേരളത്തിന്റെ അനുഭവം എന്ന വാചകത്തോടെയാണ് മറുപടി പോസ്റ്റ് അവസാനിക്കുന്നത്. അപ്പോഴും നേരത്തെ പ്രഖ്യാപിച്ചത് പോലെ പദ്ധതി പൂര്‍ത്തിയക്കാനായില്ലെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്.
സില്‍വര്‍ ലൈന്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ , സര്‍ക്കാരിന്റെ പഴയ പ്രഖ്യാപനങ്ങള്‍ കുത്തി പൊക്കിയുള്ള വിമര്‍ശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. നേരത്തെ ഉള്‍നാടന്‍ ജലപാത പദ്ധതിയെ പറ്റിയുള്ള പോസ്റ്റുകളും വ്യാപകമായി ചര്‍ച്ചയായിരുന്നു.