കൊൽക്കത്ത : ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കാൻ പശ്ചിമബംഗാൾ. ഇതിനായുള്ള നിയമഭേദഗതി ഉടൻ നിയമസഭയിൽ കൊണ്ടു വരും. ഗവർണർക്ക് പകരം മുഖ്യമന്ത്രി മമത ബാനർജിയെ സർക്കാർ നടത്തുന്ന എല്ലാ സർവകലാശാലകളുടെയും ചാൻസലറായി നിയമിക്കുമെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിരിക്കുന്നത്.
മെയ് 26 വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്താവും ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കുക. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ, സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിരവധി വൈസ് ചാൻസലർമാരെ നിയമിച്ചതായി ഗവർണർ ജഗ്ദീപ് ധൻഖർ നേരത്തെ ആരോപിച്ചിരുന്നു. ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് നിർണായക തീരുമാനം സർക്കാർ കൈ കൊണ്ടത്. കേരളമടക്കം ഗവർണറും സർക്കാരും രണ്ടു തട്ടിൽ നിൽക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ദിശയിൽ നിയമനിർമ്മാണം നടത്താൻ സാധ്യതയുണ്ട്.