തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രീയ ലക്ഷ്യം വച്ച് മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ നീക്കം. ഒരു ആത്മാർത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയനെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ ഭൂരിഭാഗം കേസുകളും പിൻവലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം പൗരത്വം എന്ന് പറഞ്ഞ മുഖ്യമന്ത്രി വരണ്ട. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ 12 സ്ഥാപനങ്ങൾ പണം നിക്ഷേപിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിൽ മറ്റ് കമ്പനികൾ പണം നിക്ഷേപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് എംപിമാർ സിഎഎക്കെതിരെ പാർലമെന്റിൽ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി. സിഎഎയിൽ കോൺഗ്രസിന്റെ സമരവും പരിപാടികളും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ് പലതും അറിയാത്തത്. കെ സുരേന്ദ്രൻ പേമെന്റ് വിസയുമായി നടന്നിട്ട് കേരളത്തിൽ എവിടെയും ഇതുവരെ ജയിച്ചിട്ടില്ല. വയനാട്ടിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നത് അവരുടെ പാര്‍ട്ടിയുടെ തീരുമാനമാണ്. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാർട്ടിയെന്ന് വിഡി സതീശൻ പറഞ്ഞു. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചരണ രംഗത്തിറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോലും പണമില്ല. ജനങ്ങൾ സഹായിക്കും എന്നാണ് പ്രതീക്ഷ. പ്രതിസന്ധി കൂടിയാൽ ക്രൗഡ് ഫണ്ടിങിലേക്ക് പോകും. വോട്ടും പണവും ജനങ്ങൾ തന്ന് കോൺഗ്രസിനെ സഹായിക്കും.
പിആര്‍ഡി 12 കോടി മുടക്കി ഇറക്കിയ റിലീസാണ് മുഖ്യമന്ത്രിയുടെ പേരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ റിലീസ് ഇത് വീട് വീടാന്തരം വിതരണം ചെയ്തു കഴിഞ്ഞു. സർക്കാറിന്റെ പണം എടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ എൽഡിഎഫിന് നാണമുണ്ടോ? ബിജെപിയും സിപിഎമ്മും ചട്ടങ്ങൾ ലംഘിച്ചാണ് പ്രചാരണം നടത്തുന്നത്. എകെജി സെന്ററിലെ പണം ഉപയോഗിച്ച് വേണം അന്തസ്സോടെ രാഷ്ട്രീയ പ്രചാരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു.