തിരുവനന്തപുരം : വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ? ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുമോയെന്ന് ഇപ്പോഴും ഉറപ്പില്ല.
മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. ഇത്തവണ ഈ കീഴ്‌വഴക്കം പാലിച്ചാലും ലംഘിച്ചാലും അത് ചർച്ചയാകും. ഗവർണറും മുഖ്യമന്ത്രിയും ഇന്നു തിരുവനന്തപുരത്ത് ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ കാണാൻ തടസ്സമില്ല. ഗവർണർ കൊച്ചിയിൽനിന്ന് ഇന്നു മടങ്ങിയെത്തും. മുഖ്യമന്ത്രി സിപിഎം ജില്ലാ സമ്മേളനത്തിലും കോവിഡ് അവലോകന യോഗത്തിലും പങ്കെടുക്കുന്നുണ്ടെങ്കിലും ഇടയ്ക്കു സമയം കണ്ടെത്താവുന്നതേയുള്ളൂ. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നാൽ ഇപ്പോഴത്തെ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി നാളെയാണ് അമേരിക്കയിലേക്കു പോകുന്നത്. വിദേശത്തേക്കു പോകും മുൻപ് ഗവർണറെ കാണണമെന്നു ചട്ടങ്ങളൊന്നുമില്ല. എന്നാൽ സർക്കാരിന്റെ തലവൻ ഗവർണർ ആയതിനാൽ പോകും മുൻപ് അദ്ദേഹത്തെ അറിയിക്കുന്നതാണു കീഴ്‌വഴക്കം. മുഖ്യമന്ത്രി അമേരിക്കയിൽ കഴിയുന്ന സമയത്തെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. അവിടെനിന്ന് ഓൺലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണു തീരുമാനം. ഇ ഫയൽ സംവിധാനത്തിലൂടെ മുഖ്യമന്ത്രിക്കു ഫയലുകൾ തീർപ്പാക്കാനും സാധിക്കും.