കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും നിർമിച്ച രണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങൾ വിപണിയിലേക്ക്. വൈറസുകൾക്കെതിരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന കടൽ മീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്റ്റ് എന്ന ഉൽപന്നവും രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കുന്ന കടൽ മീൻ ആന്റിഹൈപർകൊളസ്ട്രോളമിക് എക്സ്ട്രാറ്റുമാണ് വിപണിയിലെത്തുന്നത്. പയനിയർ ഫാർമസ്യൂട്ടിക്കൽസാണ് ഉൽപന്നങ്ങൾ വ്യാവസായികമായി ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. സാങ്കേതികവിദ്യ കൈമാറുനുള്ള കരാറിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും പയനിയർ ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് പാർട്ണർ ജോബി ജോർജും ഒപ്പുവെച്ചു.
കടൽപായലിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചാണ് ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സാർസ് കൊവി-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളടങ്ങിയതാണ് കടൽമീൻ ഇമ്യുണോ ആൽഗിൻ എക്‌സ്ട്രാക്റ്റ്. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായകരമാണെന്ന് ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി വിശദമാക്കി.
സാർസ് കൊവി-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ്ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോളും കൊഴുപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന കടൽപായലിലെ ചേരുവകൾ ഉപയോഗിച്ച് വികസിപ്പിച്ചതാണ് കടൽമീൻ ആന്റിഹൈപർകൊളസ്ട്രോളമിക് എക്സ്ട്രാറ്റ്.
ആറു മാസത്തിനുള്ളിൽ ഉൽപന്നങ്ങൾ വിപണിയിലെത്തും. ഇന്ത്യൻ കടൽതീരങ്ങളിൽ ലഭ്യമായ കടൽപായലുകളിൽ നിന്നാണ് ഈ ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്തചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് സിഎംഎഫ്ആർഐ വിശദമാക്കുന്നത്. കടൽപായലിന്റെ ഔഷധ ആരോഗ്യസംരക്ഷണ സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തി കൂടുതൽ ഉൽപന്നങ്ങൾ വികസിപ്പിക്കാൻ സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ രണ്ട് ഉൽപന്നങ്ങൾക്ക് പുറമെ, പ്രമേഹം, സന്ധിവേദന, അമിത രക്തസമർദ്ദം, തൈറോയിഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ കടൽപായലിൽ നിന്നും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്.